കോഴിക്കോട്: കൊവിഡ് മഹാമാരി കാലത്ത് അന്നം മുട്ടിയരെ ചേർത്ത് പിടിച്ച് ഒരു കർഷകൻ. എടവണ്ണപ്പാറയിലെ അൽ ജമാൽ നാസർ എന്ന കർഷകൻ എല്ലവർക്കുമൊരു മാതൃകയാണ്. കൊവിഡ് കാലത്ത് തന്‍റെ ചുറ്റും ഭക്ഷണത്തിനായി ഒരു പാട് പേർ കഷ്ടപ്പെടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ നാസർ നേരെ പോയത് തന്‍റെ പച്ചക്കറി തോട്ടത്തിലേക്കാണ്.
കൊവിഡ് കാലത്തെ നല്ല മനസ്
അൽ ജമാൽ നാസർ സ്വയം വിളയിച്ച പച്ചക്കറികൾ പറിച്ച് കിറ്റുകളിലാക്കി അയാൾ ഇറങ്ങി. ഒപ്പം കയ്യിൽ നിന്നും പണം മുടക്കി സവാളയും ഉരുളകിഴങ്ങും ബീറ്റ്റൂട്ടുമൊക്കെ വാങ്ങി അതും കിറ്റുകളിലാക്കി. എന്നിട്ട് നാസർ നേരെ പോയത് എടവണ്ണപ്പാറ ബസ് സ്റ്റാന്‍റിലേക്കാണ്.
കൊവിഡിൽ തളർന്നവർക്ക് സ്നേഹം നിറച്ച ഭക്ഷ്യക്കിറ്റുമായി കർഷകൻ അവിടെയുണ്ടായിരുന്ന ബസ്-ഓട്ടോ തൊഴിലാളികൾക്കും ഭിന്നശേഷിക്കാർക്കും നാസർ പച്ചക്കറി കിറ്റുകൾ നൽകി. കൊവിഡ് കാലത്ത് എല്ലാ മേഖലയിലും സഹായമെത്തിയപ്പോൾ ബസ്- ഓട്ടോ തൊഴിലാളികളെ എല്ലാവരും മറന്നെന്ന് നാസർ പറയുന്നു. കൊവിഡിൽ ഓട്ടം നിലച്ച ബസ്-ഓട്ടോ തൊഴിലാളികൾക്ക് 15 ഇനം പച്ചക്കറികൾ നിറച്ച ഭക്ഷ്യക്കിറ്റാണ് നാസർ നൽകിയിയത്.
എന്തായാലും കൊവിഡിൽ എല്ലാ നഷ്ടപ്പെട്ട് വേദനിക്കുന്നവർക്ക് നാസറിനെ പോലുള്ളവർ ഒരു പ്രതീക്ഷയാണ്. ഇന്നിന്‍റെയും നാളെയുടേയും പ്രതീക്ഷ.
Also read: വളത്തിന് വിലക്കയറ്റം, ഏത്തവാഴയ്‌ക്ക് വിലയില്ല: നിലയില്ലാതെ കര്‍ഷകര്‍