കോഴിക്കോട് : തികച്ചും തെറ്റിദ്ധാരണ പരത്തുന്ന ഒരു ടെക്സ്റ്റ് മെസേജ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്ന തിരക്കിലാണ് കോഴിക്കോട്ടെ ചില വിരുതന്‍മാര്‍. ജില്ലയിലെ ഒരു സ്ഥലത്ത് ജീവിക്കുന്നവർക്ക് 100 വയസിന് മുകളിൽ ആയുസുണ്ടെന്ന 'തള്ളലാണ്' ശാസ്ത്ര ഗവേഷണത്തിലെ കണ്ടെത്തലെന്ന വ്യാജ വാദത്തോടെ പ്രചരിപ്പിക്കുന്നത്. മെസേജ് അയക്കുന്ന ആളുടെ താത്പര്യത്തിന് അനുസരിച്ച് സ്ഥലപ്പേര് മാറ്റിയാണ് ഓരോ ഗ്രൂപ്പുകളിലും ഇത് ഷെയർ ചെയ്യുന്നത്.
ശരീരത്തിനാവശ്യമായ എല്ലാ ധാതുക്കളും ആ പ്രദേശത്ത് അടങ്ങിയതുകൊണ്ടാണ് അവിടെ കഴിയുന്നവര്‍ക്ക് ഇത്രയും ആയുസ് കൂടുന്നതെന്നാണ് അവകാശവാദം. മരുന്നില്ലാതെ രണ്ട് മാസം ആ പ്രദേശത്ത് താമസിച്ചാൽ ക്ഷയരോഗം, ആസ്ത്മ തുടങ്ങിയ രോഗങ്ങൾ മാറ്റാനുള്ള കഴിവ് അവിടുത്തെ കാലാവസ്ഥയ്ക്കുണ്ടെന്നെല്ലാമാണ് അശാസ്ത്രീയവും അബദ്ധജടിലവുമായ വാദങ്ങള്‍. ജില്ലയിൽ എത്തിയ വിദേശികൾ മറ്റെവിടെയും പോവാതെ ആ മണ്ണിൽ തന്നെ വിശ്രമിക്കുന്നുവെന്നുവരെ അടിച്ചുവിട്ടു.
ശാസ്ത്രജ്ഞർ പറയുന്നതായി അവകാശപ്പെട്ടുള്ള ഈ കള്ളത്തരങ്ങൾ ബിബിസി വാർത്ത അപ്ഡേറ്റ് എന്ന പേരിലാണ് അനുദിനം പ്രചരിക്കുന്നത്. ആദ്യം ചിലർ ഈ മെസേജുകൾ വിശ്വസിച്ചെങ്കിലും കൂടുതൽ ഗ്രൂപ്പുകളിൽ വ്യത്യസ്‌ത സ്ഥലപ്പേരുകളിൽ ഇത് പ്രത്യക്ഷപ്പെട്ടതോടെ പതിയെ സംഭവം കള്ളമാണെന്ന് തിരിച്ചറിഞ്ഞുതുടങ്ങി. ദയവായി ഇതൊന്ന് നിർത്തിക്കൂടേയെന്ന് പല വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലും ചോദ്യം ഉയർന്നുകഴിഞ്ഞു.
വ്യാജ പ്രചരണം ഇങ്ങനെ : 'കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുകാവ് (സാങ്കൽപ്പിക സ്ഥലപ്പേര്) നിവാസികൾക്ക് പ്രായം കൂടുന്നു'.ലോകത്തിന്‍റെ ഏത് കോണിലും മണ്ണ്, കാലാവസ്ഥ, ജലം എന്നിവയുടെ സ്വാധീനം കാരണം ചെങ്ങോട്ടുകാവിൽ താമസിക്കുന്നവർക്ക് 100 വയസിന് മുകളിൽ പ്രായമുണ്ടെന്ന് ശാസ്ത്രജ്ഞർ പുതിയ ഗവേഷണത്തിൽ കണ്ടെത്തി.
ചെങ്ങോട്ടുകാവിലെ മണ്ണിലെ ധാതുക്കൾ മനുഷ്യ ജീവിതത്തിൽ പുത്തൻ ആവേശം നിറയ്ക്കുന്നു. ശരീരത്തിനാവശ്യമായ എല്ലാ ധാതുക്കളും കോഴിക്കോട് ചെങ്ങോട്ടുകാവിലെ മേലൂർ, പൊയിൽക്കാവ് ഭാഗത്തെ വെള്ളത്തിൽ ആനുപാതികമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന്‍റെ അകാല വാർധക്യം തടയുകയും മനുഷ്യനെ ദീർഘകാലം ചെറുപ്പമായി നിലനിർത്തുകയും ചെയ്യുന്നു.
ലോകത്തിന്‍റെ ഒരു കോണിലും കോഴിക്കോട്ടെ കാലാവസ്ഥ പോലെ നല്ല കാലാവസ്ഥയില്ല. കോഴിക്കോട് ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ കാലാവസ്ഥ മനുഷ്യന്‍റെ എല്ലുകളേയും ശ്വാസകോശങ്ങളേയും എപ്പോഴും ബലപ്പെടുത്തുന്നു. ശരീരത്തിലുടനീളം വേഗത്തിൽ പ്രചരിക്കുന്ന തരത്തില്‍ ഹൃദയരക്തത്തെ നേർത്തതാക്കുന്നു.
മരുന്നില്ലാതെ രണ്ടുമാസം ഇവിടെ താമസിച്ചാൽ ക്ഷയരോഗം, ആസ്ത്മ തുടങ്ങിയ രോഗങ്ങൾ മാറ്റാനുള്ള കഴിവ് ഇവിടത്തെ കാലാവസ്ഥയ്ക്കുണ്ട്. കോഴിക്കോട് ചെങ്ങോട്ടുകാവ്, പൊയിൽക്കാവ്, മേലൂർ എന്നീ പ്രദേശത്തിന് മണ്ണിലും വെള്ളത്തിലും കാലാവസ്ഥയിലും ഈ ഗുണമുണ്ട്. ശുദ്ധമായ ഓക്‌സിജൻ ഇവിടെ കാണപ്പെടുന്നു. ഇത് മനുഷ്യ ശരീരത്തെ രോഗത്തിൽ നിന്ന് അകറ്റി നിർത്തുന്നു.
വിദേശികൾക്കും കോഴിക്കോട് ചെങ്ങാട്ടുകാവിൽ താമസിക്കാൻ ആഗ്രഹമുണ്ട്. വിദേശികൾ നല്ല സ്ഥലങ്ങൾ ബുക്ക് ചെയ്യുന്നു. കഴിഞ്ഞ വർഷം ജില്ലയിൽ വന്നുപോയ വിദേശികളുടെ എണ്ണം ഒരു ലക്ഷത്തിൽ അധികം ആണ്. മൂന്ന് നാല് മാസത്തോളം ഇവിടെ താമസിച്ച് ഒരു സ്ഥലവും സന്ദർശിക്കാതെ കോഴിക്കോട് ചെങ്ങോട്ടുകാവിലെ മണ്ണിൽ വിശ്രമിക്കുകയായിരുന്നു ഈ വിദേശികൾ.
അസുഖങ്ങളില്ലാതെ അവർ തിരികെ വിദേശത്തേക്ക് മടങ്ങി. ഒരു വർഷത്തിൽ ആറുമാസം തുടർച്ചയായി കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുകാവിലെ മണ്ണിൽ തങ്ങുന്നത് ഒരാളുടെ ശരാശരി പ്രായം വർധിപ്പിക്കുകയും പല രോഗങ്ങളിൽ നിന്നും മുക്തി നേടാന്‍ സഹായിക്കുകയും ചെയ്യുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ബിബിസി വാർത്ത അപ്ഡേറ്റ്. 'ഇതാണ് കേരളത്തിലെ സുന്ദരമായ നാട് കോഴിക്കോട്'.