കോഴിക്കോട് :മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നിര്‍മിച്ച കേസിലെ പ്രതി കെ.വിദ്യ കസ്റ്റഡിയില്‍. കോഴിക്കോട് മേപ്പയ്യൂരില്‍ കുട്ടോത്ത് സുഹൃത്തിന്‍റെ വീട്ടില്‍ നിന്നുമാണ് പൊലീസ് പിടിയിലായത്. പാലക്കാട് അഗളി പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് വിദ്യയെ കസ്‌റ്റഡിയിലെടുത്തിരിക്കുന്നത്.
അറസ്‌റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിദ്യയെ വ്യാഴാഴ്‌ച മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. കേസിനെ തുടര്‍ന്ന് ഒളിവിൽ പോയി 15 ദിവസത്തിന് ശേഷമാണ് വിദ്യയെ പോലീസ് അറസ്‌റ്റ് ചെയ്യുന്നത്. വിദ്യയുടെ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സുഹൃത്തിന്‍റെ വീട്ടിൽ നിന്നുമുള്ള അറസ്‌റ്റ്. മേപ്പയൂർ പൊലീസിനോ കോഴിക്കോട് പൊലീസിനോ അറസ്‌റ്റിനെക്കുറിച്ച് വിവരങ്ങളുണ്ടായിരുന്നില്ല.
നീലേശ്വരം പൊലീസിലും കേസ് :വ്യാജരേഖയുമായി ബന്ധപ്പെട്ട് നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ വിദ്യ വീണ്ടും മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതിനിടെയാണ് അറസ്‌റ്റ്. ഇതിനായി കാസർകോട് ജില്ല സെഷൻസ് കോടതിയിലായിരുന്നു വിദ്യ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യഹർജി ഈ മാസം 24 ന് കോടതി പരിഗണിക്കും. വ്യാജരേഖ കേസിൽ പ്രതിയായ കെ.വിദ്യ നേരത്തേ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്‌ചയിലേക്ക് മാറ്റിയിരുന്നു. ജസ്‌റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെ ബഞ്ചിലാണ് ഹർജി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണെന്നായിരുന്നു ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിദ്യയുടെ വാദം. ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറെന്നും ഇവര്‍ കോടതിയെ അറിയിച്ചിരുന്നു.