കോഴിക്കോട്:വടക്കെ മലബാറിലെ പ്രധാന ക്ഷേത്രമായ കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്ര മൈതാനത്ത് അതിരാവിലെ മുതൽ കുട്ടികൾ എത്തിതുടങ്ങും. ലക്ഷ്യം പട്ടാളവും പൊലീസുമാണ്. ക്ഷേത്രമൈതാനത്ത് അതിരാവിലെ എന്ത് പട്ടാളം, എന്ത് പൊലീസ്. ഇപ്പോഴല്ല... ഇവരൊക്കെ നാളത്തെ സൈനികരും പൊലീസുകാരുമാണ്. ഇനി കഥ പറയാം.
2007 വരെ കരസേനയില്‍ ജോലി ചെയ്‌ത ശേഷം വിരമിച്ചതാണ് അജയ് കുമാർ. വിമുക്തഭടൻ എന്ന നിലക്ക് രാവിലെ കായികാഭ്യാസത്തിനായി എന്നും ഈ മൈതാനത്തെത്തുമായിരുന്നു. പിന്നാലെ ഒന്ന്, രണ്ട് പേർ കൂടെ കൂടി. അത് ഏഴ് പേരുടെ കൂട്ടായ്‌മയായി. അതിൽ നിന്നും രണ്ട് പേർ പട്ടാളത്തിലും ഒരാൾ ഇന്ത്യൻ റിസർവ് ബറ്റാലിയന്‍റെ കമാൻഡറുമായി ജോലിയിൽ പ്രവേശിച്ചു.