കേരളം

kerala

ETV Bharat / state

പ്രളയത്തിന് ശേഷം പുഴകള്‍ക്ക് ആഴം കുറഞ്ഞു; ചെറിയ മഴയില്‍ പോലും വെള്ളപ്പൊക്കം - latest environment news from kozhikode

കിലോമീറ്ററുകൾ അകലെയുള്ള വീടുകള്‍ പോലും വെള്ളം കയറി നശിക്കുന്ന അവസ്ഥ സൃഷ്‌ടിച്ച് പുഴകള്‍ മാറിക്കഴിഞ്ഞു

ചെറിയ മഴയിൽപോലും വെള്ളപ്പൊക്ക ഭീഷണി സൃഷ്ടിച്ച് പുഴകളുടെ മാറ്റം

By

Published : Oct 30, 2019, 8:45 PM IST

Updated : Oct 30, 2019, 11:42 PM IST

കോഴിക്കോട്: പ്രളയത്തിന് ശേഷം പുഴകളുടെ സ്വഭാവം തന്നെ മാറി കഴിഞ്ഞു. തുടർച്ചയായി പെയ്യുന്ന ചെറിയ മഴയിൽപോലും പെട്ടെന്ന് വെള്ളം പൊങ്ങുന്ന തരത്തിൽ പലയിടത്തും പുഴകളുടെ ആഴം കുറഞ്ഞു. ഉരുൾപൊട്ടലിലും മറ്റും ഒലിച്ചുവന്ന മണ്ണും കല്ലുകളും നിറഞ്ഞ് പുഴകളുടെ അടിത്തട്ട് ഉയർന്ന് സമീപ പ്രദേശങ്ങളിലേക്ക് വെള്ളം ഒഴുകുന്ന സ്ഥിതിയാണുള്ളത്. മഴ കനക്കുന്നതോടെ ചെറുകുളത്തൂർ കിഴക്കുംപാടം പ്രദേശത്തുകാർക്ക് ആധിയാണ്. കഴിഞ്ഞ രണ്ടു വർഷവും പ്രളയം ബാക്കിവെച്ച ദുരനുഭവങ്ങൾ ഇവരെ വിട്ടു മാറിയിട്ടില്ല. ചാത്തമംഗലം പഞ്ചായത്തിൽ പെട്ട ചെമ്പായി കടവ്, പൂളക്ക മണ്ണിൽ കടവ്, പാടെരി കാവ് ഭാഗങ്ങളിലായി പുഴയുടെ മധ്യ ഭാഗങ്ങളിൽ മണൽ തിട്ടകൾ രൂപപ്പെടുകയും ഇവയിൽ കുറ്റിച്ചെടികളും കണ്ടൽ കാടുകളും വളർന്ന് പുഴയുടെ ഒഴുക്ക് തടസപ്പെടുകയും ചെയ്തിട്ടുണ്ട്.

പ്രളയത്തിന് ശേഷം പുഴകള്‍ക്ക് ആഴം കുറഞ്ഞു; ചെറിയ മഴയില്‍ പോലും വെള്ളപ്പൊക്കം

തിണ്ണകൾ ഇടിഞ്ഞും മണ്ണ് അടിഞ്ഞുകൂടിയും പുഴയുടെ ആഴം കുറഞ്ഞു. കഴിഞ്ഞ പ്രളയത്തിൽ പുഴയുടെ സമീപ പ്രദേശങ്ങളിൽ കുറച്ച് ഭാഗങ്ങളിലാണ് വെള്ളം പൊങ്ങിയിരുന്നതെങ്കിൽ ഈ വർഷം വെള്ളപ്പൊക്കത്തിൽ കിലോമീറ്ററുകൾ അകലെയുള്ള വീടുകള്‍ പോലും വെള്ളം കയറി നശിച്ചു. കക്കയം ഡാം തുറക്കുന്നതോടെയാണ് പുഴയിൽ ജല നിരപ്പ് ഉയരുന്നത്. പുഴയോട് അടുത്ത് സ്ഥിതി ചെയ്യുന്ന കിഴക്കും പാഠം, വെള്ളനൂർ എന്നീ പ്രദേശങ്ങളിലാണ് പുഴയുടെ ഒഴുക്ക് വൻ ഭീഷണി സൃഷ്ടിക്കുന്നത്.

മരങ്ങൾ മുറിച്ച് മാറ്റി ജെ.സി.ബി ഉപയോഗിച്ച് മണൽ തിട്ടകൾ നീക്കം ചെയ്ത് പുഴയുടെ സ്വാഭാവിക ഒഴുക്കിനെ വീണ്ടെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കൃഷിയെ ഉപജീവന മാർഗമായി കാണുന്ന പ്രദേശ വാസികൾക്ക് രണ്ടു വർഷവും പ്രളയം സമ്മാനിച്ചത് വൻ നാശനഷ്‌ടങ്ങളാണ്. വിളവെടുക്കാൻ പാകമായിരുന്ന നെല്ലും പച്ചക്കറികളും വാഴകളും പ്രളയ ജലത്തിൽ നശിച്ചു. പ്രളയ ജലത്തിൽ വന്നടിഞ്ഞ ചളി മണ്ണിൻ്റെ സ്വാഭാവിക ഫലഭൂയിഷ്ഠത ഇല്ലാതാക്കിയെന്നാണ് കർഷകർ പറയുന്നത്. പ്രളയത്തിൻ്റെ കാരണങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകിയ സംഘങ്ങൾ പ്രധാന കാരണമായി ചൂണ്ടികാട്ടിയതും പുഴകളിലും മറ്റും വന്നടിഞ്ഞ മണ്ണിൻ്റെ വലിയ നിക്ഷേപം തന്നെയായിരുന്നു. ഒരു പ്രളയക്കെടുതി കൂടി ഏറ്റുവാങ്ങുന്നതിന് മുമ്പ് പ്രശ്‌നപരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Last Updated : Oct 30, 2019, 11:42 PM IST

ABOUT THE AUTHOR

...view details