കോഴിക്കോട് : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി ശോഭീന്ദ്രൻ അന്തരിച്ചു (Environmentalist T Shobeendran Passes Away). 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. പ്രകൃതിക്കുവേണ്ടി ജീവിച്ച പച്ചയായ മനുഷ്യനായിരുന്നു പ്രൊഫ.ടി ശോഭീന്ദ്രൻ (Professor T Shobeendran).
പരിസ്ഥിതിയോട് ചേര്‍ന്ന് ജീവിച്ച ശോഭീന്ദ്രന്‍റെ വസ്ത്രധാരണവും വ്യത്യസ്‌തമായിരുന്നു. അദ്ദേഹത്തിന്‍റെ സ്ഥിരം വേഷം പച്ച പാന്‍റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു. മൂന്ന് പതിറ്റാണ്ട് കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ അധ്യാപകനും നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫിസറുമായിരുന്നു.
ക്യാമ്പസിനെ ഹരിതാഭമാക്കുന്നതിലും മുന്‍കൈയെടുത്തത് അദ്ദേഹമാണ്. 22 ലക്ഷത്തോളം രൂപ മുതല്‍ മുടക്കി ക്യാമ്പസ് പ്രതിമകളില്‍ ഏറ്റവും വലുതായ ബോധിച്ചുവട്ടിലെ ബുദ്ധപ്രതിമയും ഉരുളന്‍ കല്ലുകളടുക്കി നിര്‍മിച്ച ചൂണ്ടുവിരലുയര്‍ത്തിയ കൈയുടെ ശില്‌പവും വായിക്കുന്ന വിദ്യാര്‍ഥിയുടെ ചിന്താശില്‌പവും ഏറെ പ്രസിദ്ധമാണ്. പെണ്‍കുട്ടിയുടെ ശില്‌പത്തിന്‍റെ ഉള്‍വശം മ്യൂറല്‍ പെയിന്‍റിങ് ഹാളാണ്.
ഈ പ്രതിമയുടെ മടിത്തട്ടില്‍ സ്റ്റേജ് തീര്‍ത്താണ് ശോഭീന്ദ്രന്‍ മാഷിന് റിട്ടയര്‍മെന്‍റ് വേളയില്‍ വിദ്യാര്‍ഥികള്‍ ഗുരുസമര്‍പ്പണം നടത്തിയത്. മറ്റ് ജില്ലകളിലെയും ഒട്ടെറെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ ശോഭീന്ദ്രൻ സജീവമായിരുന്നു. വയനാട് ചുരത്തിലെ മഴ നടത്തത്തില്‍ ഉള്‍പ്പെടെ അദ്ദേഹം സ്ഥിരമായി പങ്കെടുത്തിരുന്നു. കര്‍ണാടക സർക്കാർ സര്‍വീസില്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതത്തിന്‍റെ തുടക്കം.
ബെംഗളൂരു ആര്‍ട്‌സ് ആന്‍സ് സയന്‍സ് കോളജ് അധ്യാപകനായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് ചിത്രദുര്‍ഗ ജില്ലയിലെ ഒരു ഗ്രാമത്തിലേക്ക് സ്ഥലം മാറ്റം വാങ്ങി. മൂന്ന് വര്‍ഷത്തിന് ശേഷം ഗുരുവായൂരപ്പന്‍ കോളജിൽ അധ്യാപകനായി. അമ്മ അറിയാൻ, ഷട്ടർ, അരക്കിറുക്കൻ, കൂറ് എന്നീ സിനിമകളിൽ അഭിനയിച്ചു. 'മോട്ടോർ സൈക്കിൾ ഡയറീസ്' ആണ് രചിച്ച ഗ്രന്ഥം. മൂന്നാമത് ഇന്ദിര ഗാന്ധി പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, വനമിത്ര അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.
എൻഎസ്എസ് പ്രോഗ്രാം ഓഫിസറായിരിക്കെ അദ്ദേഹം കുട്ടികളിലേക്കും പരിസ്ഥിതി പാഠങ്ങൾ പകർന്നു നൽകി. വേങ്ങേരിയിൽ പുഴയോട് ചേർന്നുള്ള ഗ്രീൻ വേൾഡിന്‍റെ പ്രവർത്തനവും നടത്തി. ആയിരത്തിലേറെ കുട്ടികളെയാണ് അദ്ദേഹം നീന്തൽ പഠിപ്പിച്ചത്. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും വേങ്ങേരി നിറവിന്‍റെ പ്രവർത്തനങ്ങളിൽ പങ്കാളിയാകുകയും ചെയ്‌തു. പട്ടാളക്കാരനായ ഒരു സുഹൃത്താണ് വർഷങ്ങൾക്ക് മുമ്പ് ആദ്യമായി പച്ചക്കുപ്പായം സമ്മാനിച്ചത്. പിന്നെ ശിഷ്യരുൾപ്പെടെ എല്ലാവരും ഈ കുപ്പായം നൽകാൻ തുടങ്ങിയതോടെ അത് ശോഭീന്ദ്രൻ മാഷിന്‍റെ സ്ഥിരം വേഷമായി മാറുകയായിരുന്നു.