കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയെ തിരിച്ചറിയാനായി ദൃക്‌സാക്ഷികൾക്കായി തിരിച്ചറിയൽ പരേഡ് നടത്തി. മാലൂർ കുന്നിലെ എ ആർ ക്യാമ്പിൽ വച്ചാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്. ആക്രമണ സമയത്ത് ട്രെയിനിൽ യാത്ര ചെയ്‌തവരിൽ ചിലരെയും പ്രധാന സാക്ഷികളെയും ആണ് തിരിച്ചറിയൽ പരേഡിനായി എത്തിച്ചത്.
മട്ടന്നൂർ പൊലീസ് സ്റ്റേഷന്‍റെ വാഹനത്തിലാണ് ഇവരെ ക്യാമ്പിൽ എത്തിച്ചതും തിരിച്ച് കൊണ്ടുപോയതും. ഷാറൂഖ് സെയ്‌ഫിക്കൊപ്പം ഇയാളോട് ഏകദേശ സാമ്യതയുള്ള മറ്റ് നാല് പേരെയും നിരത്തി നിർത്തിയായിരുന്നു തിരിച്ചറിയൽ പരേഡ് നടന്നത്. പ്രതിയെ സാക്ഷികൾ തിരിച്ചറിഞ്ഞോ എന്നതിൻ്റെ വിശദാംശങ്ങൾ അന്വേഷണ സംഘം ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.
അതേസമയം, സാക്ഷികൾക്കും മാധ്യമങ്ങളുമായി വിവരങ്ങൾ പങ്കുവയ്ക്കുന്നതിൽ പൊലീസ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാർ, ഐ ജി നീരജ് കുമാര്‍ ഗുപ്‌ത എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരേഡ്. കേസിലെ സാക്ഷികളിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്നലെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പരേഡ് നടത്തിയത്.
അതിനിടെ പ്രതി ഷാരൂഖ് സെയ്‌ഫിക്ക് ആക്രമണത്തിന് ശേഷം ട്രെയിനിനകത്ത് മറ്റാരുടേയോ സഹായം ലഭിച്ചെന്ന സംശയം ബലപ്പെടുകയാണ്. ആക്രമണ സമയത്ത് ഇയാൾ ധരിച്ചിരുന്നത് ചുവന്ന ഷർട്ട് എന്നായിരുന്നു ദൃക്‌സാക്ഷികൾ നൽകിയ മൊഴി. എന്നാൽ കണ്ണൂരിൽ വന്നിറങ്ങുമ്പോൾ ഇയാളുടെ വസ്ത്രം വേറെയായിരുന്നു. മെറൂൺ ടീ ഷർട്ടും നീല ജീൻസുമായിരുന്നു പ്രതി ധരിച്ചിരുന്നത്.
ബാഗ് നഷ്‌ടപ്പെട്ട സെയ്‌ഫിക്ക് ഈ വസ്ത്രം എവിടെ നിന്ന് കിട്ടി, ആരെങ്കിലും കൊടുത്തതാണെങ്കിൽ അതാരാണ് എന്നീ കാര്യങ്ങൾ അറിയാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ ബാഗിന് സമീപം ചുവന്ന നിറത്തിലുള്ള ടീഷർട്ട് കണ്ടെടുത്തിരുന്നു. ഇത് ഇയാളുടേതാണോ എന്നറിയാനുള്ള പരിശോധന പുരോഗമിക്കുകയാണ്.
ബാഗിൽ നിന്ന് കണ്ടെത്തിയ ആണികൾ എന്തിനായിരുന്നു എന്ന കാര്യത്തിൽ ഇതുവരെ ഷാറൂഖ് കൃത്യമായ മറുപടി നൽകിയിട്ടില്ല. ഫർണിച്ചറുകളിൽ ഉപയോഗിക്കുന്ന തരം ആണി അല്ല ബാഗിൽ നിന്ന് കണ്ടെടുത്തത് എന്നാണ് അന്വേഷണ സംഘം പറയുന്നത്. ചോദ്യം ചെയ്യൽ പുരോഗമിക്കവെ ഷൊർണൂർ, എലത്തൂർ എന്നിവിടങ്ങളിലാണ് ഇനി തെളിവെടുപ്പ് നടക്കാനുള്ളത്. അതിനിടെ, പ്രതി ഷാറൂഖ് സെയ്‌ഫിക്കായി ജാമ്യാപേക്ഷ സമർപ്പിച്ചു.
ലീഗൽ എയ്‌ഡ് ഡിഫൻസ് കൗൺസലിലെ ചീഫ് ഡിഫൻസ് കൗൺസിൽ അഡ്വ പീതാംബരനാണ് കോഴിക്കോട് മൂന്നാം ക്ലാസ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ ഈ മാസം 18 ന് പരിഗണിക്കും.
ഏപ്രിൽ രണ്ടിനാണ് ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിലെ യാത്രക്കാരുടെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തിൽ മൂന്ന് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ആക്രമണത്തിൽ പ്രതി ഷാരൂഖ് സെയ്‌ഫിക്കും പൊള്ളലേറ്റു. തുടർന്ന് ഇയാൾ കണ്ണൂർ റെയിൽവെ ആശുപത്രിയിൽ എത്തി ചികിത്സ തേടി. ഇത് കേസ് അന്വേഷണത്തിന് വഴിത്തിരിവായി.
Also read:ട്രെയിൻ തീവയ്പ്പ് കേസ്: പ്രതിയുമായി പൊലീസ് കണ്ണൂരിലെത്തി തെളിവെടുപ്പ് നടത്തി