കോഴിക്കോട് : എളമരം കടവ് പാലം ഉദ്ഘാടനം സംബന്ധിച്ച് അനാവശ്യ വിവാദം എന്തിനെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേന്ദ്ര റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടിൽ(സി.ആര്‍.ഐ.എഫ്) നിന്നുമാണ് പാലത്തിന് തുക അനുവദിച്ചത്. സി.ആര്‍.ഐ.എഫില്‍ ഏതെല്ലാം പദ്ധതികള്‍ക്ക് തുക വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമാണ് ഈ ഫണ്ട് ലഭിക്കുന്ന സാഹചര്യമുണ്ടായത്.
104 പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും 2143.54 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂട്ടി ചെലവഴിക്കുകയും ചെയ്‌തു. ഇതില്‍ 1343.83 കോടിയാണ് കേന്ദ്രം അനുവദിച്ചത്. അവകാശപ്പെട്ട 599.71 കോടി കേന്ദ്രം തരാനുമുണ്ട്. സി.ആര്‍.ഐ.എഫില്‍ നിര്‍മിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം എല്ലാ നടപടിക്രമങ്ങളും പാലിച്ച് തന്നെയാണ് നടത്തിയത്. ഇത്തരം പദ്ധതികളുടെ ഉദ്ഘാടനത്തിന് കേന്ദ്ര സർക്കാരിൻ്റെ അനുമതി ആവശ്യമില്ല. എന്നാൽ പാലത്തിന്‍റെ ഉദ്ഘാടനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.