കോഴിക്കോട്: കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക് ലഭിച്ച ഗ്രാന്‍റ് മുഫ്തി പദവി വ്യാജമാണെന്ന് ഇ കെ സമസ്തയുടെ ആരോപണം. ഗ്രാന്‍റ് മുഫ്തി പദവി ലഭിച്ചുവെന്ന അവകാശവാദവുമായി കാന്തപുരം മുസ്ലിം വിഭാഗത്തെ കബളിപ്പിക്കുകയാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കാന്തപുരത്തിന് ലഭിച്ച ഗ്രാന്‍റ് മുഫ്തി പദവി വ്യാജമെന്ന് സമസ്ത - ഇ കെ സമസ്ത
കാന്തപുരത്തിന്‍റെ ആത്മീയ ചൂഷണങ്ങളെ ഒരിക്കലും അംഗീകരിക്കില്ലെന്നും നിയമനടപടിയെക്കുറിച്ച് ആലോചിക്കുമെന്നും ഇകെ സമസ്ത വ്യക്തമാക്കി.

കഴിഞ്ഞ വർഷം അന്തരിച്ച ഗ്രാന്‍റ് മുഫ്തി അഖ്തർ റസാഖാന്‍റെ ഔദ്യോഗിക പിൻഗാമി ആയി പുത്രൻ മുഫ്‌തി അസ്ജദ് റസാഖാനെയാണ് നിയമിച്ചത്. അദ്ദേഹമാണ് ഇന്ത്യക്കകത്തും പുറത്തുമുള്ള ബറേൽവി മുസ്ലീമുകളുടെ ഗ്രാന്‍റ് മുഫ്‌തിയും ഇസ്ലാമിക് ചീഫ് ജസ്റ്റിസുമെന്നും ആലിക്കുട്ടി മുസ്‌ലിയാർ പറഞ്ഞു. കാന്തപുരത്തിന്‍റെ ആത്മീയ ചൂഷണങ്ങളെ സമസ്ത ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാന്തപുരം ഈ പദവിക്ക് അനര്‍ഹനാണെന്നും നിയമനടപടിയെപ്പറ്റി ആലോചിക്കുമെന്നും സമസ്ത നേതൃത്വം അറിയിച്ചു. സമസ്തയില്‍ നിന്ന് വിഘടിച്ചുപോയ കാന്തപുരം വിഭാഗവുമായി ഐക്യചര്‍ച്ചക്ക് തയ്യാറാണെന്നും നേതാക്കള്‍ വ്യക്തമാക്കി. പുതിയ ഗ്രാന്‍റ് മുഫ്തിയായി കാന്തപുരത്തെ നിയമിച്ചെന്ന് കഴിഞ്ഞ മാസം മുതലാണ് എപി സുന്നി വിഭാഗം അവകാശവാദം ഉന്നയിച്ചത്.