കോഴിക്കോട്: എട്ടാം വയസിൽ ഇംഗ്ലീഷ് നോവൽ എഴുതി ഒരു കുട്ടി ഡിറ്റക്‌ടീവ്. 'ദ് മിസിങ്ങ് ആർട് വർക്ക്' എന്ന ഡിറ്റക്‌ടീവ് നോവലാണ് റീഹ അഫ്‌സൽ ഒരു വർഷം കൊണ്ട് പൂർത്തിയാക്കിയത്. സോഫ്റ്റ്‌വെയർ എൻജിനിയറായ തൊണ്ടയാട് സ്വദേശി അഫ്‌സൽ അബ്‌ദുല്ലയുടെയും റാനിയ അഫ്‌സലിൻ്റേയും മകളായ റീഹയുടെ എഴുത്ത് ജീവിതം തുടങ്ങുന്നത് ന്യൂസിലൻ്റിലാണ്.
'ദ് മിസിങ്ങ് ആർട്ട് വർക്ക്'; കുട്ടി ഡിറ്റക്‌ടീവ് നോവലിസ്റ്റ് കുപ്പായമണിഞ്ഞ് റീഹ അഫ്‌സൽ മാതാപിതാക്കൾ അവിടെ ജോലി ചെയ്യുമ്പോൾ റീഹയും വെറുതെയിരുന്നില്ല. 'റീഹലാൻ്റ്' എന്ന ബ്ലോഗ് തുടങ്ങി എഴുത്താരംഭിച്ചു. ആദ്യം കവിതകളായിരുന്നു. ജെ കെ റൗളിങ്ങിൻ്റെ ഹാരി പോട്ടർ മാന്ത്രിക കഥകൾ വായിച്ചതോടെ എഴുത്തിലേക്ക് തിരിഞ്ഞു. നിരവധി ഇംഗ്ലീഷ് നോവലുകൾ വായിച്ചു തീർക്കുന്നതിനിടെ ബ്ലോഗിലൂടെ ഒരു കഥ തന്നെ പ്രസിദ്ധീകരിച്ചു.
'ദ് ആർട്ട് ഗാലറി' എന്ന മ്യൂസിയത്തിൽ നിന്നും മോഷണം പോയ പിക്കാസോയുടെ ഒരു ചിത്രത്തെ ആസ്‌പദമാക്കിയാണ് ഈ നോവൽ. ചിത്രം കണ്ടെത്താനായി ഇറങ്ങി തിരിക്കുന്ന ഗാലറി ഉടമയും മൂന്ന് കുട്ടികളും അഭിമുഖീകരിക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് 'ദ് മിസിങ്ങ് ആർട് വർക്ക്' മുന്നേറുന്നത്.
രണ്ട് വർഷം മുമ്പ് ന്യൂസിലൻ്റിൽ നിന്ന് തിരിച്ചെത്തിയ റീഹയുടെ നോവൽ കഴിഞ്ഞ ദിവസമാണ് പ്രകാശനം ചെയ്‌തത്. പൂർണ പബ്ലിക്കേഷൻസ് ആണ് പുസ്‌തകത്തിൻ്റെ പ്രസാധകർ. ബ്ലോഗിൽ പലപ്പോഴായി എഴുതിയ കവിതകളുടെ സമാഹാരം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് പന്തീരങ്കാവ് ഓക്സ്ഫോർഡ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ റീഹ അഫ്‌സൽ.
Also Read: ഡെല്‍റ്റ വകഭേദത്തേക്കാളും ഒമിക്രോണിന് രോഗ തീവ്രത കുറവാണെന്നത് ഇപ്പോൾ പറയാന്‍ സാധിക്കില്ലെന്ന് പഠനം