കേരളം

kerala

പുണ്യ നിറവില്‍ ഈദുല്‍ ഫിത്വര്‍

By

Published : Jun 5, 2019, 12:18 AM IST

ഈദിന്‍റെ സന്ദേശവും സന്തോഷവും വിളിച്ചറിയിച്ച് അല്ലാഹുവിന്‍റെ ഏകത്വവും മഹത്വവും വാഴ്ത്തിയും തക്ബീർ ധ്വനികൾ മുഴക്കിയുമാണ് വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുന്നത്.

പുണ്യ നിറവില്‍ ഈദുല്‍ ഫിത്വര്‍

കോഴിക്കോട്: ഒരുമാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിലൂടെ ആത്മസംസ്കരണം നടത്തിയ മനസ്സും ശരീരവുമായി വിശ്വാസി ലോകത്തിന് ഇന്ന് ആഹ്ളാദത്തിന്‍റെ ചെറിയ പെരുന്നാൾ. പ്രപഞ്ചനാഥന് വേണ്ടി അന്നപാനീയങ്ങൾ ഉപേക്ഷിച്ചും ദാനധർമങ്ങളിൽ മുഴുകിയും രാത്രികൾ പ്രാർത്ഥനകൾ കൊണ്ടു സമ്പന്നമാക്കിയും പുണ്യങ്ങളുടെ നിറ വസന്തം തീർത്ത മുപ്പത് ദിനരാത്രങ്ങളുടെ ധന്യതയോടെയാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്.

ഈദിന്‍റെ സന്ദേശവും സന്തോഷവും വിളിച്ചറിയിച്ച് അല്ലാഹുവിന്‍റെ ഏകത്വവും മഹത്വവും വാഴ്ത്തി തക്ബീർ ധ്വനികൾ മുഴക്കിയുമാണ് വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുന്നത്. റംസാൻ മുപ്പത് പൂർത്തിയാക്കിയ ഇന്നലെ സായാഹ്നത്തോടെ നിർബന്ധ ദാനധർമമായ ഫിത്വർ സക്കാത്ത് കൊടുത്ത് വീട്ടിയാണ് ആഘോഷങ്ങളിലേക്ക് കടക്കുന്നത്. ഒരാളുടെ വ്രതത്തില്‍ എന്തെങ്കിലും കുറവ് വന്നിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാനും ഈദ് ദിനത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കാന്‍ പാടില്ലെന്നും ഉദ്ദേശിച്ചാണ് ഫിത്വര്‍സക്കാത്ത്. ഒരാള്‍ ഒരു നിശ്ചിത ശതമാനം ധാന്യം പാവപ്പെട്ടന് നല്‍കുന്ന സമ്പ്രാദയമാണിത്. ഈദിന്‍റെ പ്രഖ്യാപനം ഉണ്ടാകുന്നത് മുതല്‍ വിശ്വാസികള്‍ ഈദ് ഗാഹിലേക്ക് പോകുന്നത് വരെയുള്ള സമയത്തിനിടക്ക് ഫിത്വര്‍ സക്കാത്ത് പാവപ്പെട്ടവര്‍ക്ക് എത്തിയിരിക്കണമെന്നാണ് നിബന്ധന.

പെരുന്നാൾ ദിനമായ ഇന്ന് രാവിലെ വിശ്വാസികൾ കുളിച്ചു പുതുവസ്ത്രമണിഞ്ഞ് മസ്ജിദുകളിൽ എത്തി ചെറിയ പെരുന്നാൾ നിസ്ക്കാരം കഴിഞ്ഞ് പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവെച്ചുമാണ് തങ്ങളുടെ വീടുകളിലേക്ക് മടങ്ങുക. കോഴിക്കോട്ടെ വിവിധ മസ്ജിദുകളിലും ഓഡിറ്റോറിയങ്ങളിലും ഒരുക്കിയിട്ടുള്ള ചെറിയ പെരുന്നാൾ നമസ്കാരത്തിന് മതപണ്ഡിതർ നേതൃത്വം നൽകും.

ABOUT THE AUTHOR

...view details