കോഴിക്കോട് : വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ മുസ്‌ലിംലീഗ് കോഴിക്കോട് നടത്തിയ റാലിയില്‍ ഉയർന്ന അധിക്ഷേപ പരാമർശങ്ങളില്‍ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ DYFI. അധികാരം ലഭിക്കില്ലെന്ന് ഉറപ്പായ ലീഗ് നേതാക്കളുടെ മാനസിക നില തകരാറിലായോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയായിരുന്നു പ്രതികരണം.
കോഴിക്കോട് മുസ്‌ലിം സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിലായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുടെ അധിക്ഷേപ പ്രസംഗം. മന്ത്രി റിയാസിന്‍റേത് വിവാഹമല്ല, വ്യഭിചാരമാണെന്നും ഇത് പറയാന്‍ തന്‍റേടം വേണമെന്നുമായിരുന്നു അബ്‌ദുറഹിമാന്‍ കല്ലായിയുടെ പരാമര്‍ശം.
ALSO READ:ആരാണ് നിങ്ങള്‍, മതസംഘടനയോ രാഷ്ട്രീയ പാര്‍ട്ടിയോ? ലീഗിനെ കടുത്ത ഭാഷയില്‍ പരിഹസിച്ച് മുഖ്യമന്ത്രി
'മുന്‍ ഡിവൈഎഫ്‌ഐ പ്രസിഡന്‍റ് പുതിയാപ്ലയാണ്. എന്‍റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ? അത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാന്‍ തന്‍റേടം വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം,' എന്നായിരുന്നു അബ്‌ദുറഹിമാന്‍ കല്ലായിയുടെ പ്രസ്‌താവന.
അബ്‌ദുറഹ്മാൻ കല്ലായിയുടെ സെപ്റ്റിക് ടാങ്ക് വായയ്ക്ക് കയ്യടിച്ച കുഞ്ഞാലിക്കുട്ടിയും, മുനീറുമടങ്ങുന്ന ലീഗ് നേതാക്കൾ ഇത് ലീഗിന്‍റെ ഔദ്യോഗിക നിലപാടാണോ എന്ന് വ്യക്തമാക്കണമെന്ന് വികെ സനോജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ ജാതീയ അധിക്ഷേപത്തിലും ഡിവെെഎഫ്ഐ പ്രതിഷേധം രേഖപ്പെടുത്തി.
മുഖ്യമന്ത്രിക്കെതിരെ ആർ.എസ്.എസ് ആരംഭിച്ച വംശീയാധിക്ഷേപം മുസ്‌ലിംലീഗ് ഏറ്റെടുത്തിരിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.'ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന് ' ആയിരുന്നു സമ്മേളനത്തിനിടെ ഉയർന്ന മുദ്രാവാക്യം.