കോഴിക്കോട്: മെഡിക്കൽ കോളജ് സുരക്ഷ ജീവനക്കാരെ ആക്രമിച്ച കേസിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കെതിരെ ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി പി.സി ഷൈജു. കമ്മിഷണർ വ്യക്തിപരവും രാഷ്‌ട്രീയ താത്പര്യത്തിന്‍റെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. പ്രതികൾക്ക് സ്വാഭാവിക നീതി നിഷേധിക്കുന്ന സമീപനമാണ് ഈ കേസിൽ കോഴിക്കോട് കമ്മിഷണർ സ്വീകരിച്ചിരിക്കുന്നതെന്നും പി.സി ഷൈജു ആരോപിച്ചു.
കോഴിക്കോട് പൊലീസ് കമ്മിഷണർക്കെതിരെ ഡിവൈഎഫ്ഐ - ഡിവൈഎഫ്ഐ സുരക്ഷ ജീവനക്കാരെ ആക്രമിച്ചു
മെഡിക്കൽ കോളജ് സുരക്ഷ ജീവനക്കാരെ ആക്രമിച്ച കേസിലെ പ്രതികളുടെ ബന്ധുക്കളെ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ പിന്തുടർന്ന് വേട്ടയാടുകയാണെന്ന് ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി പി.സി ഷൈജു
പ്രതിയാണെന്ന് പൊലീസ് പറയുന്ന ഒരാളുടെ പൂർണ ഗർഭിണിയായ ഭാര്യയെ പോലും പൊലീസ് അപമാനിക്കുന്ന സാഹചര്യമുണ്ടായി. നിരപരാധികളായ ഡിവൈഎഫ്ഐ നേതാക്കളെയും കുടുംബങ്ങളെയും കമ്മിഷണർ വേട്ടയാടുകയാണ്. ഇത് സംസ്ഥാനത്തെ പൊലീസ് നയത്തിന് എതിരാണ്. ഇതിനെതിരെ യുവജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കും. ആഭ്യന്തരമന്ത്രിക്ക് പരാതി നൽകുമെന്നും ഷൈജു പറഞ്ഞു.
കേസിൽ അറസ്റ്റിലായ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം കെ.അരുൺ ഉൾപ്പെടെയുള്ള പ്രതികളെ ഞായറാഴ്‌ച വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡിയിൽ വിട്ടത്.