കുന്ദമംഗലം:ചാത്തമംഗലം എന്‍.ഐ.ടി പരിസരത്ത് നിന്നും മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി രണ്ടുപേരെ നാര്‍കോട്ടിക്ക് സ്കോഡ് പിടികൂടി. മലപ്പുറം നിലമ്പൂർ മുണ്ടേരി ചന്ദ്രഭവനത്തിൽ വിഷ്ണു (28), വേങ്ങര ഊരകം വാക്യാത്തൊടി സൽമാൻ ഫാരിസ് (23) എന്നിവരെയാണ് എ.സി.പി ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ചില്ലറ വില്‍പനക്കായി ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് കൊണ്ടുവന്നത്. സമാന രീതിയിൽ മയക്കുമരുന്ന് കടത്തുന്നവര്‍ക്കായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പ്രൊഫഷണൽ കോളജുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി മാഫിയയുമായും ഇവർക്ക് ബന്ധമുണ്ടോ എന്നും എന്‍.ഐ.ടിയിൽ ഇവർക്ക് ഉപഭോക്താക്കൾ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഒരാഴ്ച മുമ്പ് വില്‍പനക്ക് എത്തിച്ച പത്തു ലക്ഷം വില വരുന്ന ബ്രൗൺ ഷുഗറുമായി ഒരാളെ ആന്‍റി നർക്കോട്ടിക്ക് സ്ക്വാഡ് പിടികൂടിയിരുന്നു.