കേരളം

kerala

ETV Bharat / state

'കുട്ടികള്‍ക്ക് പരാജയം ഉള്‍ക്കൊള്ളാനാവുന്നില്ല'; സമ്മര്‍ദം നേരിടാൻ പ്രാപ്‌തരാക്കണമെന്ന് ഡോ. പി കൃഷ്‌ണകുമാർ - ഡോക്‌ടര്‍ പി കൃഷ്‌ണകുമാർ

കുട്ടികള്‍ക്ക് പരാജയം നേരിടാന്‍ കഴിയാത്തത് വലിയ മാനസിക സമ്മര്‍ദത്തിലേക്കും ഇത് പിന്നീട് ആത്മഹത്യയിലേക്കും നയിക്കുന്നതായി ഡോ. പി കൃഷ്‌ണകുമാർ

ഡോ പി കൃഷ്‌ണകുമാർ  പി കൃഷ്‌ണകുമാർ  dr p krishna kumar on mental health of children  mental health of children Kozhikode  കോഴിക്കോട്  ഡോക്‌ടര്‍ പി കൃഷ്‌ണകുമാർ
ഡോ പി കൃഷ്‌ണകുമാർ

By

Published : Feb 17, 2023, 12:41 PM IST

ഡോ. പി കൃഷ്‌ണകുമാറുമായുള്ള അഭിമുഖം

കോഴിക്കോട്:പരാജയങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്തതാണ് നമ്മുടെ കുട്ടികളുടെ മാനസിക നില അസ്വസ്ഥമാക്കുന്നതെന്ന് ഡോക്‌ടര്‍ പി കൃഷ്‌ണകുമാർ. കോഴിക്കോട് മെഡിക്കൽ കോളജ് ഇംഹാൻസ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ്) മേധാവിയാണ് അദ്ദേഹം. വിജയവും പരാജയവും സർവസാധാരണമാണെന്ന് ഉൾക്കൊള്ളാൻ നമ്മുടെ വിദ്യാർഥികൾക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ഇങ്ങനെയുള്ള അവസ്ഥയില്‍ നിന്നുണ്ടാകുന്ന നിരാശ വലിയ മാനസിക പ്രയാസങ്ങളാണ് ഉണ്ടാക്കുന്നത്. മാനസിക സമ്മർദങ്ങളെ നേരിടാൻ പറ്റാതാകുന്നതോടെ ആത്മഹത്യ എന്ന പോംവഴി കണ്ടെത്തുന്നു. വിദ്യാർഥികളിലെ ആത്മഹത്യാനിരക്ക് വർധിക്കുന്നതിൻ്റെ പ്രധാന കാരണം ഇതാണ്. അണുകുടുംബ വ്യവസ്ഥ തന്നെയാണ് തോൽവികളെ മനസിലാക്കാൻ കഴിയാത്തതിന്‍റെ പ്രധാന കാരണമെന്ന് ഡോക്‌ടര്‍ ചൂണ്ടിക്കാട്ടി.

'വിദ്യാർഥികളെ കണ്ടറിയണം അധ്യാപകര്‍':കൂട്ടുകുടുംബമായിരുന്ന കാലത്ത് കൂടുതൽ കുട്ടികൾ കളികളിലും തർക്കങ്ങളിലും ഏർപ്പെടുമ്പോൾ അവർക്കിടയിൽ തന്നെ അത് വലിയ പാഠമായിരുന്നു. എന്നാൽ, പുതിയ കാലത്ത് തോറ്റുകഴിഞ്ഞാൽ കുട്ടികൾക്ക് സങ്കടം ഉണ്ടാവാതിരിക്കാൻ രക്ഷിതാക്കൾ തന്നെ തോൽവി വഴങ്ങിക്കൊടുക്കുന്ന അവസ്ഥയാണ്. ഈ അന്തരീക്ഷത്തിൽ നിന്നും വിദ്യാലയങ്ങളിലേക്കും എൻജിനീയറിങ് കോളജുകളിലേക്കും എത്തുന്ന കുട്ടികള്‍ തോൽവികളെ ഉൾക്കൊള്ളാൻ കഴിയാത്തവരായി മാറുന്നു.

പഠനം, പരീക്ഷ, ഭാവിയെക്കുറിച്ചുള്ള ആലോചന, ബന്ധങ്ങളിലുള്ള ആകുലത ഇതെല്ലാം വലിയ അളവിൽ മാനസിക സമ്മർദം വർധിപ്പിക്കുന്ന മറ്റ് ഘടകങ്ങളാണ്. 15 മുതൽ 25 വയസുവരെയുള്ളവരിലാണ് ഇത് കൂടുതലും ഉണ്ടാവുക. അവരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിയാനും കണ്ട് മനസിലാക്കാനും മാതാപിതാക്കൾക്കും സമയമില്ല എന്നിടത്താണ് വിഷയങ്ങൾ രൂക്ഷമാവുന്നത്. അതിനൊപ്പം വിദ്യാർഥികളെ കണ്ടറിഞ്ഞ് മനസിലാക്കാൻ അധ്യാപകർക്കും കഴിയണം.

തെരഞ്ഞെടുപ്പുകളിലും ഭരണസംവിധാനത്തിലും മാത്രമല്ല ജനാധിപത്യം വേണ്ടത്. അത് വിദ്യാലയങ്ങളിലും പാഠ്യരംഗത്തും നിർബന്ധമാണ്. തൻ്റെ മുന്നിലിരിക്കുന്ന കുട്ടി തന്‍റേതല്ല എന്ന ചിന്ത വരുന്ന സമയത്ത് അധ്യാപകൻ അധ്യാപനം നിർത്തണം. അധ്യാപകരുടെ വാശിയും ദേഷ്യവും കുട്ടികളുടെ ഭാവിയെ താളം തെറ്റിക്കും. കുട്ടികളെ പലതും അടിച്ചേൽപ്പിക്കുന്ന രീതിക്കും മാറ്റം വരണം.

'ടെക്‌നോളജിയുടെ ഉപയോഗം പഠിപ്പിക്കണം':തൻ്റെ ഇഷ്‌ടത്തിന് വഴങ്ങാത്ത വിദ്യാർഥികളെ തോൽപ്പിച്ച് വാശി തീർക്കുന്ന അധ്യാപന രീതി നിലനിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പ്രധാനമായും ജനാധിപത്യ രീതി ഉടലെടുക്കേണ്ടത്. ഈ കാര്യത്തിൽ അധ്യാപകർക്കും പരിശീലനവും കൗൺസിലിങ്ങും നിർബന്ധമാണെന്നും ഡോക്‌ടര്‍ കൃഷ്‌ണകുമാർ അഭിപ്രായപ്പെട്ടു. കൊവിഡ് കാലത്തെ പഠന വിടവും കുട്ടികളെ ബാധിച്ചിട്ടുണ്ട്. ഓൺലൈൻ ക്ലാസുകളിൽ കൃത്യമായി പങ്കെടുക്കാൻ പറ്റാത്തതും സാങ്കേതിക വിദ്യയുടെ ദുരുപയോഗവും ഒരുപോലെ അവരെ അലട്ടി.

പ്രശ്‌നങ്ങൾ സംഭവിക്കുമ്പോൾ പരിഹാരം കാണുന്നതിന് പകരം ലഹരിക്ക് അടിമകൾ ആയവരുമുണ്ട്. അതും ഒടുവിൽ ആത്മഹത്യയിലേക്കാണ് നയിക്കുന്നത്. മൊബൈൽ ഫോണുകൾ അന്യമായിരുന്ന നമ്മുടെ കുട്ടികൾക്ക് കൊവിഡ് കാലത്ത് അവ വാങ്ങിക്കൊടുത്തു. ടെക്നോളജിയെ നല്ല രീതിയിൽ ഉപയോഗിച്ചാൽ അത് എപ്പോഴും ഗുണകരമായി തീരും. ആരോഗ്യപരമായി അതിനെ ഉപയോഗപ്പെടുത്തുക എന്നുള്ള അറിവാണ് കുട്ടികൾക്ക് നൽകേണ്ടത്.

ടെക്നോളജിയുടെ ദുരുപയോഗം കുട്ടികളെ കൃത്യമായി പഠിപ്പിക്കണം. ഇതിലൂടെ ആരോഗ്യപരമായ ഉപയോഗം കണ്ടെത്തിയാൽ പിന്നെ അവർ വഴി തെറ്റില്ല. യഥാർഥ ലോകത്തും ടെക്നോളജിയുടെ ലോകത്തും ഒരുപോലെ ജീവിക്കുന്നവരായി നമ്മുടെ കുട്ടികൾ മാറിക്കഴിഞ്ഞു. എന്നാൽ, വെർച്വൽ ലോകത്ത് മാത്രം അവർ ഒതുങ്ങിപ്പോയാൽ യഥാർഥ ലോകത്ത് നടക്കുന്നതിനെക്കുറിച്ച് അവർക്ക് ഒരു ബോധവും ഇല്ലാതെയാവും. ഇതിനെ രണ്ടിനേയും കൂട്ടി യോജിപ്പിച്ച് കൊണ്ടുപോവുക എന്നതാണ് മാനസിക സമ്മർദങ്ങൾ കുറയ്ക്കാനുള്ള മാർഗം.

'വേണം ബോധവത്‌കരണം':പ്രൈമറി തലം മുതലുള്ള ബോധവത്‌കരണം തന്നെയാണ് കുട്ടികളെ നേർവഴിയിലേക്ക് നയിക്കാനുള്ള ആദ്യ പോംവഴി. ആരോഗ്യം, ഭക്ഷണരീതി, ഉറക്കം, ശാരീരിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള വിലയിരുത്തൽ ഇതെല്ലാം അധ്യാപകർ തന്നെ കുട്ടികൾക്ക് മനസിലാക്കി കൊടുക്കണം. അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ ചില കുട്ടികളിൽ പ്രശ്‌നങ്ങൾ മാറാത്ത അവസ്ഥ കാണും. അവർക്ക് പ്രത്യേകം ശ്രദ്ധ നൽകി ബോധവത്‌കരണം നടത്താൻ അധ്യാപകർ തയ്യാറാകണം.

അവിടെയും പരിഹാരമായില്ലെങ്കിൽ മാനസിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന ഡോക്‌ടറുടെ സേവനം തേടുകയാണ് വേണ്ടത്. പട്ടിണി ഇല്ലാത്ത ഇഷ്‌ടപ്പെട്ട ഭക്ഷണങ്ങൾ കിട്ടുന്ന ഈ ലോകത്ത് നമ്മുടെ ഓരോ കുട്ടികളും ഭാഗ്യവാന്മാരാണ്. അവരുടെ ഇഷ്‌ടാനിഷ്‌ടങ്ങൾ മനസിലാക്കി മാതാപിതാക്കളും അധ്യാപകരും പെരുമാറിയാൽ തന്നെ കുട്ടികളുടെ ഭാവി ശുഭകരമാകുമെന്നും ആത്മഹത്യാനിരക്ക് കുറയുമെന്നും ഡോ. കൃഷ്‌ണകുമാർ അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details