കോഴിക്കോട്: വയനാട്ടിൽ തുടങ്ങിയ ലക്ഷങ്ങളുടെ മരം മുറിക്ക് ഉത്തരവ് ഇറക്കിയത് ആദ്യ പിണറായി സർക്കാർ. വനം വകുപ്പ് മന്ത്രിയുടെ അറിവോടെയാണ് മരം കൊള്ള നടന്നതെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. സംരക്ഷിത മരങ്ങൾ മുറിക്കാൻ ഇളവ് നൽകിയതിലൂടെ റവന്യു-വനം വകുപ്പുകൾ മരം കൊള്ളക്കാർക്ക് ഒത്താശ ചെയ്തു. വയനാട്ടിൽ കണ്ടെത്തിയത് കൊള്ളയുടെ ചെറിയൊരു ഭാഗം മാത്രമാണെങ്കിലും ഇത് കേരളത്തിലെ തന്നെ വലിയ വനം കൊള്ളയായാണ് കണക്കാക്കപ്പെടുന്നത്.
റവന്യു വകുപ്പ് ഉത്തരവിന് മറവിൽ മരം കൊള്ള
2020 മാർച്ച് 11ന് റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോക്‌ടർ വി വേണു പുറപ്പെടുവിച്ച ഉത്തരവാണ് മുട്ടിൽ ഉൾപ്പെടെ സംസ്ഥാനത്തെ വനം കൊള്ളയ്‌ക്ക് വഴി തുറന്നത്. പട്ടയ ഭൂമിയിൽ കർഷകർ നട്ടു വളർത്തിയ ചന്ദനം ഒഴികെയുള്ള എല്ലാ തരത്തിലുള്ള മരങ്ങളുടെയും ഉടമസ്ഥാവകാശം കർഷകർക്ക് നൽകി കൊണ്ട് സർക്കാർ ഉത്തരവിട്ടിരുന്നു. ഉത്തരവിന് പിന്നാലെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ചു നീക്കി. ഈ ഉത്തരവിന്‍റെ മറവിലാണ് വയനാട്ടിലെ ഈട്ടി തടികളും മുറിച്ചു മാറ്റിയത്. മരം മുറി വ്യാപകമായതോടെ 2021 ജനുവരിയിൽ റവന്യു വകുപ്പ് ഉത്തരവ് തിരുത്തി.
മരങ്ങൾ വിദേശത്തേക്ക് കടത്തിയെന്നും സൂചന
കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഒരു പ്രമുഖ സിപിഐ നേതാവടക്കം വിഷയം വനം, റവന്യൂ മന്ത്രിമാരുടെ ശ്രദ്ധയിൽ പെടുത്തിയതോടെ 2021 മാർച്ച് 11ന് ഓർഡർ റദ്ദാക്കി സർക്കാർ പുതിയ ഉത്തരവിറക്കി. ഈ സമയത്തിനുള്ളിൽ ഫോറസ്റ്റ് മാഫിയ വലിയ അളവിൽ മരം മുറിച്ചു മാറ്റിയിരുന്നു. വയനാട്ടിൽ നിന്ന് മുറിച്ചു മാറ്റിയ ഈട്ടിത്തടികൾ കടൽ കടന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നു. കപ്പൽ നിർമ്മാണത്തിനായി 50 കോടിയുടെ ഈട്ടി തടികൾ ഫ്രാൻസിലേക്ക് കയറ്റി അയച്ചതായാണ് സംശയിക്കുന്നത്.