കോഴിക്കോട് : ചികിത്സ വൈകിയെന്ന് ആരോപിച്ച് കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്‌ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് ഡോക്‌ടർമാർ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. ഐഎംഎയുടെ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്കിന് കെജിഎംഒഎയും സർക്കാർ ഡോക്‌ടർമാരുടെ സംഘടനകളും പിന്തുണ നൽകുന്നുണ്ട്. ഡോക്‌ടർമാർ അവധി എടുത്ത് ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
അക്രമികൾക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ഐഎംഎയുടെ നേതൃത്വത്തിൽ കോഴിക്കോട് കമ്മിഷണർ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാനമൊട്ടാകെ പ്രതിഷേധ ദിനമായും ആചരിക്കുന്നു. അത്യാഹിത വിഭാഗം, ലേബർ റൂം, എമർജൻസി എന്നിവ മുടങ്ങില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്‌ടർമാരാണ് ഒപിയിൽ പരിശോധന നടത്തുന്നത്. സീനിയർ ഡോക്‌ടർമാർ ആരും എത്താതായതോടെ മറ്റ് ജില്ലകളിൽ നിന്നടക്കം ആശുപത്രിയിൽ എത്തിയ രോഗികൾ വലഞ്ഞു.
അതിനിടെ ഡോക്‌ടറെ മർദിച്ച സംഭവത്തില്‍ കുന്ദമംഗലം സ്വദേശികളായ സഹീർ ഫാസിൽ, മുഹമ്മദ് അലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. നടക്കാവ് സ്റ്റേഷനിൽ എത്തി പ്രതികള്‍ കീഴടങ്ങുകയായിരുന്നു.
കേസിൽ ആറ് പേർക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്‌ധനായ പി കെ അശോകനെയാണ് ചികിത്സ നൽകാൻ വൈകിയെന്ന് ആരോപിച്ച് രോഗിയുടെ ബന്ധുക്കൾ മർദിച്ചത്. ഇവർ ആശുപത്രി തല്ലി തകര്‍ക്കുകയും ചെയ്‌തു.
സംഭവത്തിൽ ആറ് പേർക്കെതിരെ കേസ് : പ്രസവ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച യുവതിയുടെ സ്‌കാനിങ് റിപ്പോർട്ട് നൽകാൻ വൈകി എന്ന് ആരോപിച്ചാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ അക്രമം അഴിച്ചുവിട്ടത്. കോഴിക്കോട് ഫാത്തിമ ഹോസ്‌പിറ്റലിൽ ശനിയാഴ്‌ച വൈകിട്ടോടെയായിരുന്നു സംഭവം. യുവതിയെ ചികിത്സിച്ചിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ. അനിതയുമായി തർക്കിച്ച രോഗിയുടെ ബന്ധുക്കൾ ബഹളമുണ്ടാക്കുകയും നഴ്‌സിങ് സ്റ്റേഷൻ അടിച്ചുതകർക്കുകയും ചെയ്യുകയായിരുന്നു.