കോഴിക്കോട്:കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകാൻ വൈകിയെന്ന് ആരോപിച്ച് ഡോക്‌ടര്‍ക്ക് മര്‍ദനം. കാര്‍ഡിയോളജിസ്റ്റായ ഡോ അശോകനാണ് മര്‍ദനമേറ്റത്. രോഗിയുടെ ബന്ധുക്കളാണ് ഡോക്‌ടറെ മര്‍ദിക്കുകയും ആശുപത്രി തല്ലി തകര്‍ക്കുകയും ചെയ്‌തത്. സംഭവത്തില്‍ ആറു പേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു.
വധശ്രമം, ആശുപത്രി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അപലപിച്ചു. കുറ്റക്കാർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് മുന്നറിയിപ്പ് നൽകി.
പ്രസവ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച യുവതിയുടെ സ്‌കാനിങ് റിപ്പോർട്ട് നൽകാൻ വൈകി എന്ന് ആരോപിച്ചാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ അക്രമം അഴിച്ചുവിട്ടത്. കോഴിക്കോട് ഫാത്തിമ ഹോസ്‌പിറ്റലിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. യുവതിയെ ചികിത്സിച്ചിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ അനിതയുമായി തർക്കിച്ച രോഗിയുടെ ബന്ധുക്കൾ ബഹളമുണ്ടാക്കുകയും നഴ്‌സിങ് സ്റ്റേഷൻ അടിച്ചു തകർക്കുകയും ചെയ്‌തു.
ഇതിനുശേഷം രാത്രിയോടെ ഡോക്‌ടർ അനിതക്കൊപ്പം എത്തിയ ഇവരുടെ ഭർത്താവും ഇതേ ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റ് അശോകനെ രോഗിയുടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മർദിച്ച് അവശനാക്കി. മുഖത്ത് ശക്തമായി ഇടിയേറ്റ് നിലത്ത് വീണ ഡോക്‌ടറെ ചികിത്സയ്ക്കായി മാറ്റാനുള്ള ശ്രമങ്ങളെയും തടസപ്പെടുത്തി. വധശ്രമമാണ് നടന്നതെന്ന് ഡോക്‌ടർ അശോകൻ പ്രതികരിച്ചു.
മര്‍ദിച്ചത് രോഗിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍:ഭർത്താവ് അടക്കം യുവതിയുടെ ആറു ബന്ധുക്കൾക്കെതിരെ വധശ്രമം, ആശുപത്രി സംരക്ഷണ നിയമം എന്നിവ പ്രകാരമാണ് നടക്കാവ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കടുത്ത നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.