യുവതികളോട് അപമര്യാദയായി പെരുമാറിയ ഡോക്‌ടര്‍ അറസ്റ്റില്‍ കോഴിക്കോട്:കുറ്റ്യാടി ഗവണ്‍മെന്‍റ് താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ രോഗികളോട് അപമര്യാദയായി പെരുമാറിയ ഡോക്‌ടർ അറസ്റ്റിൽ. നന്മണ്ട സ്വദേശി ഡോ. വി ബി വിപിനെയാണ് കുറ്റ്യാടി സിഐ ഇ കെ ഷിജു അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം വൈകിട്ട് ഒപിയിൽ ഡോക്‌ടറെ കാണാനെത്തിയ പട്ടികജാതി യുവതി ഉൾപ്പെടെ മൂന്ന് യുവതികളോടാണ് ഡോക്‌ടർ മാനഹാനി വരുത്തുന്ന നിലയിൽ പെരുമാറിയത്.
ആശുപത്രിയില്‍ ഉണ്ടായിരുന്ന കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ പി ചന്ദ്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്ന് 44 കാരനായ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതികളുടെ പരാതിയെ തുടർന്ന് ഡോക്‌ടർക്കെതിരെ പൊലീസ് മാനഭംഗ ശ്രമം ഉൾപ്പെടെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ഡോക്‌ടർ ലഹരി ഉപയോഗിച്ചിരുന്നു എന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. കുറ്റ്യാടി ആശുപത്രിയിൽ സൂപ്രണ്ടിനെ കയ്യേറ്റം ചെയ്‌തതിനും ആറുമാസം മുമ്പ് പനങ്ങാട് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്‌ടറായി പ്രവർത്തിക്കുമ്പോൾ അക്രമം നടത്തിയതിനും ഇയാൾക്കെതിരെ കേസുകളുണ്ട്. രോഗികളോട് അപമര്യാദയായി പെരുമാറിയ ഡോക്‌ടർക്കെതിരെ നടപടിയെടുക്കണമെന്ന് ആശുപത്രിയിൽ ചേർന്ന എച്ച്എംസി യോഗം ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളോട് മോശമായി പെരുമാറി ഡോക്‌ടര്‍:കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ ചികിത്സ തേടിയെത്തിയ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറി എന്നാരോപിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറെ വിദ്യാര്‍ഥികള്‍ മര്‍ദിച്ചിരുന്നു. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയുണ്ടായി. വിദ്യാര്‍ഥികള്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റതായി ഡോക്‌ടര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം രോഗനിര്‍ണയത്തിനിടെ ഡോക്‌ടര്‍ അപമര്യാദയായി പെരുമാറി എന്ന് കാണിച്ച് വിദ്യാര്‍ഥിനികളും പരാതി നല്‍കിയിരുന്നു.
വീട്ടു ജോലിക്കെത്തിയ പെണ്‍കുട്ടിയെ മര്‍ദിച്ച് ഡോക്‌ടര്‍മാര്‍: 2022 സെപ്‌റ്റംബറില്‍ കോഴിക്കോട് പന്തീരാങ്കാവില്‍ വീട്ടുജോലിക്കെത്തിയ 13കാരിയെ മര്‍ദിച്ച സംഭവത്തില്‍ ഡോക്‌ടര്‍മാരായ ദമ്പതികള്‍ അറസ്റ്റിലായിരുന്നു. അലിഗഡ് സ്വദേശിയായ പെണ്‍കുട്ടിയേയാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ഡോക്‌ടറും ഭാര്യയും ചേര്‍ന്ന് മര്‍ദിച്ചത്. കുട്ടി മര്‍ദനത്തിന് ഇരയാകുന്ന വിവരം അയല്‍ക്കാര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി പെണ്‍കുട്ടിയെ വെള്ളിമാടുകുന്നിലെ ബാലിക മന്ദിരത്തിലേക്ക് മാറ്റി. ഡോക്‌ടറും ഭാര്യയും തന്നെ ചട്ടുകം ചൂടാക്കി വച്ച് പൊള്ളിക്കുകയടക്കം ചെയ്‌തതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
രോഗിയായ സ്‌ത്രീയ്‌ക്ക് മദ്യലഹരിയിലെത്തിയ ഡോക്‌ടറുടെ മര്‍ദനം: കഴിഞ്ഞ വര്‍ഷം നവംബറില്‍ ഛത്തീസ്‌ഗഡിലെ കോര്‍ബയില്‍ മദ്യലഹരിയിലെത്തിയ ഡോക്‌ടര്‍ രോഗിയായ സ്‌ത്രീയെ മര്‍ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു. കോര്‍ബ മെഡിക്കല്‍ കോളജിലായിരുന്നു സംഭവം. മര്‍ദനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഡോക്‌ടര്‍ക്ക് ആശുപത്രി അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. ചികിത്സ തേടിയെത്തിയ തന്‍റെ അമ്മയെ മര്‍ദിച്ചു എന്ന് കാണിച്ച് സ്‌ത്രീയുടെ മകന്‍ നല്‍കിയ പരാതിയിലാണ് ആശുപത്രി അധികൃതര്‍ ഡോക്‌ടര്‍ക്ക് നോട്ടിസ് നല്‍കിയത്.
ഫെബ്രുവരിയില്‍ ബിഹാറിലെ ഖഗാരിയയില്‍ ഡോക്‌ടര്‍ വനിത ജീവനക്കാരിയെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. വീഡിയോ പുറത്തായതോടെ ഡോക്‌ടര്‍ ഒളിവില്‍ പോയി. ജോലി സമയത്ത് ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ഇരുവര്‍ക്കും എതിരെ നടപടി എടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഡോക്‌ടറും ജീവനക്കാരിയും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും പുറത്തു വന്നിരുന്നു.