കോഴിക്കോട്:സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ വാക്ക് തർക്കവും അടിപിടിയും. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു മുൻപിലാണ് സംഭവം. സംഭവത്തിൽ ഒരു ജീവനക്കാരന് പരിക്കേറ്റു. മെഡിക്കൽ കോളജ് ഫറോക്ക് റൂട്ടിലോടുന്ന സിറ്റി ബസ് കണ്ടക്‌ടർ നടുവട്ടം സ്വദേശി ശരത്തിനെയാണ് (23) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോഴിക്കോട് ബസ് ജീവനക്കാർ തമ്മിൽ വാക്ക് തർക്കവും അടിപിടിയും - ബസ് ജീവനക്കാർ തമ്മിൽ വാക്ക് തർക്കവും അടിപിടിയും
സമയക്രമത്തെ ചൊല്ലിയാണ് സംഘർഷമുണ്ടായത്.
സംഘർഷത്തെ തുടർന്ന് മെഡിക്കൽ കോളജ് റൂട്ടിലെ സിറ്റി ബസ് ജീവനക്കാർ ഇന്നലെ വൈകിട്ട് ഒരു മണിക്കൂറോളം പ്രധാന റോഡിൽ ബസ് നിർത്തിയിട്ടാണ് പണിമുടക്കിയത്. വലിയ ഗതാഗതക്കുരുക്കിന് ഇത് കാരണമായി. ഇൻഡോർ സ്റ്റേഡിയത്തിനു സമീപത്തെ ബസ് ബേയിൽ നിന്ന് യാത്രക്കാരെ കയറ്റുന്നത് സംബന്ധിച്ചുണ്ടായ തർക്കം മെഡിക്കൽ കോളജിനു സമീപമെത്തിയപ്പോൾ കയ്യാങ്കളിയിലെത്തുകയായിരുന്നു എന്നാണ് യാത്രക്കാർ പറയുന്നത്.
പൊലീസുമായി നടത്തിയ ചർച്ചയെ തുടർന്നാണ് മിന്നൽ പണിമുടക്ക് പിൻവലിച്ചത്. ടൈം ഷീറ്റുമായി ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ മെഡിക്കൽ കോളേജ് പൊലീസ് ബസ് ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്.