കോഴിക്കോട്:പാർട്ടിക്കുള്ളിൽ ആർക്കെങ്കിലും ഒരാൾക്ക് എതിർപ്പുണ്ടെങ്കിൽ ബാലുശ്ശേരിയിൽ മത്സരത്തിനുണ്ടാകില്ലെന്ന് നടൻ ധർമജൻ ബോൾഗാട്ടി. ഒരാൾക്ക് എതിർപ്പുണ്ടെന്നാണ് അറിവെന്നും അറിയപ്പെടാനല്ല രാഷ്‌ട്രീയ നിലപാട് ഉള്ളത് കൊണ്ടാണ് മത്സരിക്കാൻ തയാറെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഒരാൾക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ മത്സരത്തിനുണ്ടാകില്ല: ധർമജൻ ബോൾഗാട്ടി - election
പാർട്ടി തീരുമാനിച്ചാൽ മത്സരിക്കാൻ തയ്യാറാണെന്ന് ധർമ്മജൻ മുൻപ് വെളിപ്പെടുത്തിയിരുന്നു.
നിയമ സഭ തെരെഞ്ഞടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് നടനും മിമിക്രി താരവുമായ ധർമജൻ കോഴിക്കോട് ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന് അഭ്യൂഹം പരന്നത്. ബാലുശ്ശേരിയിൽ മത്സരിക്കാൻ താത്‌പര്യമുണ്ടെന്ന് ധർമജൻ മുൻപ് പറഞ്ഞിരുന്നു. മണ്ഡലത്തിൽ യു.ഡി.എഫിന്‍റെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ധർമജൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന് പ്രചരിച്ചത്. ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് പാർട്ടി തീരുമാനിച്ചാൽ മത്സരിക്കാൻ തയ്യാറാണെന്ന് വെളിപ്പെടുത്തിയിരുന്നു.
ബാലുശ്ശേരി പിടിച്ചെടുക്കാൻ യു.ഡി.എഫ് കച്ച മുറുക്കിയിറങ്ങുമ്പോൾ വിട്ട് കൊടുക്കാൻ തയാറല്ലാതെ എൽ.ഡി.എഫും തന്ത്രങ്ങളുമായി ഒരുങ്ങി കഴിഞ്ഞു. ഇതോടെ കനത്ത പോരാട്ടമാണ് ഇക്കുറി മണ്ഡലത്തെ കാത്തിരിക്കുന്നത്.