കോഴിക്കോട്: മക്കളെ നോക്കാൻ ആളില്ലാത്തതിന്‍റെ പേരിൽ ഇനി നിയമപഠനം ഉപേക്ഷിക്കേണ്ട. വക്കീലാകാൻ ആഗ്രഹിക്കുന്ന അമ്മമാർക്ക് ഇനി ധൈര്യപൂർവം കോഴിക്കോട് ഗവ. ലോ കോളജിലേക്ക് വരാം. ഇവിടെ മക്കളെ നോക്കാൻ ആളുമുണ്ട്, പഠിക്കുകയും ചെയ്യാം.
ഡേ കെയർ സെന്‍റർ ആരംഭിച്ച് കോഴിക്കോട് ഗവ. ലോ കോളജ് കുഞ്ഞുങ്ങളെ പരിപാലിക്കാൻ ഡേ കെയർ സെന്‍റർ ആരംഭിച്ചിരിക്കുകയാണ് 700ലധികം വിദ്യാർഥികൾ പഠിക്കുന്ന കോഴിക്കോട് ഗവ. ലോ കോളജ്. സംസ്ഥാനത്ത് ആദ്യമായാണ് കോളജിൽ ഡേ കെയർ സെന്‍റർ ആരംഭിക്കുന്നത്. കുട്ടികൾ ജനിച്ചതോടെ പഠനത്തിന് ബ്രേക്കിട്ടവരെ വീണ്ടും ക്ലാസ് മുറികളിലേക്ക് ക്ഷണിക്കുന്നതാണ് സംരംഭം.
അമ്മമാരായ മൂന്ന് വിദ്യാർഥികളുടേതാണ് കോളജിൽ ഡേ കെയർ സെന്‍റർ എന്ന ആശയം. അധ്യാപകനായ ഡോ. പി ലോവൽമാന് മുൻപിൽ അവതരിപ്പിച്ചപ്പോൾ അദ്ദേഹവും പൂർണ പിന്തുണ നൽകി. പഠിക്കാനുള്ള നിശ്ചയദാർഢ്യത്തിന് മുൻപിൽ ഇവരുടെ ആവശ്യം കോളജ് സ്റ്റാഫ് കൗൺസിലും അംഗീകരിച്ചു.
അസിസ്റ്റന്‍റ് പ്രൊഫസറായ സിസി ജോസഫ് ചുമതല ഏറ്റെടുത്തതോടെ എൻസിസി ഓഫിസിനോട് ചേർന്ന ചെറിയ മുറി ഡേ കെയർ സെന്‍ററായി. ഇവിടെ ഊഞ്ഞാലുകളും കളിപ്പാട്ടങ്ങളും ഒരുക്കി. അമ്മമാർ നിയമം പഠിക്കുമ്പോൾ രാവിലെ 8.30 മുതൽ വൈകിട്ട് 4 വരെ ആയ ഉഷ കുട്ടികളെ നോക്കും. ഇടവേളകളിൽ അമ്മമാർ കുട്ടികൾക്ക് അരികിലേക്ക് എത്തും.
3 വിദ്യാർഥികൾക്ക് പിന്നാലെ ഒരു അധ്യാപികയുടെ കുഞ്ഞും ഇവിടേക്കെത്തി. ഇവരിൽ നിന്നുള്ള ചെറിയ വിഹിതത്തിന് പുറമെ പിടിഎ ഫണ്ടിൽ നിന്നുള്ള തുക കൂടി ഉപയോഗിച്ചാണ് ഡേ കെയർ സെന്‍ററിന്‍റെ ചെലവ് കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം മന്ത്രി ആർ ബിന്ദുവാണ് ഡേ കെയർ സെന്‍റർ ഉദ്ഘാടനം ചെയ്‌തത്.