കോഴിക്കോട് :കേരളം കൊടും വരൾച്ചയിലേക്കെന്ന (Extreme drought chance) സൂചന നൽകി ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്‍റെ (സിഡബ്ല്യുആർഡിഎം) പഠന റിപ്പോർട്ട് (CWRDM Study Report On Kerala Drought ). ആറ് ജില്ലകളിൽ തീവ്ര വരൾച്ചയും എട്ട് ജില്ലകളിൽ കഠിന വരൾച്ചയും ഉണ്ടാകാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെയുള്ള മൂന്ന് മാസത്തെ കണക്കനുസരിച്ച് കേരളത്തിൽ 48 ശതമാനം മഴയുടെ കുറവാണുണ്ടായത്. 1,746.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 911.6 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ഇടുക്കി, കോഴിക്കോട്, വയനാട്, പാലക്കാട്, കോട്ടയം, തൃശൂർ എന്നീ ആറ് ജില്ലകളിൽ മഴയുടെ കുറവ് 50 ശതമാനത്തിന് മുകളിലാണ്. വൃഷ്‌ടി പ്രദേശങ്ങൾ ഏറെയുള്ള ഇടുക്കിയിൽ സാധാരണ പെയ്യുന്ന മഴയുടെ 38 ശതമാനം മാത്രമേ ലഭിച്ചുള്ളൂ എന്നത് വരൾച്ചയുടെ അതികാഠിന്യമാണ് വെളിവാക്കുന്നത്.
26 മുതൽ 50 ശതമാനം വരെ മഴ കുറഞ്ഞാൽ മിതമായ വരൾച്ചയും, 50 ശതമാനത്തിൽ കൂടുതൽ മഴ കുറഞ്ഞാൽ അത് കഠിന വരൾച്ചയും 75 ശതമാനത്തിലും കൂടിയാല്‍ തീവ്ര വരൾച്ചയുമായാണ് കണക്കാക്കുക. മഴ വിട്ടുപോയതോടെ നദികളിലും ഡാമുകളിലും ജലനിരപ്പ് താഴ്ന്നു. ചെറുജലാശയങ്ങളിൽ പലതും വറ്റിവരണ്ടു. കേരളത്തിലെ മിക്ക നദികളിലും കഴിഞ്ഞ വർഷത്തേക്കാളും രണ്ട് മീറ്ററിൽ കൂടുതൽ വരെ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
വടക്കുകിഴക്കൻ മൺസൂൺ പ്രതീക്ഷിച്ചതിലും കുറവ് :ഡാമുകളിൽ പലതിലും 50 ശതമാനത്തിൽ താഴെയാണ് നിലവിലുള്ള വെള്ളത്തിന്‍റെ ശേഖരം. തുലാവർഷം വരാനുണ്ടെങ്കിലും മഴയുടെ അളവ് ഗണ്യമായി കുറയുമെന്നത് ആശങ്കപ്പെടുത്തുകയാണ്. ഇന്നുവരെ അനുഭവപ്പെടാത്ത വരൾച്ചയിലേക്കാണ് കേരളം നീങ്ങുന്നതെന്നും സിഡബ്ല്യുആർഡിഎം മുന്നറിയിപ്പ് നൽകുന്നു. വടക്കുകിഴക്കൻ മൺസൂൺ പ്രതീക്ഷിച്ചതിലും കുറവായതാണ് ഈ ഗുരുതരമായ സാഹചര്യത്തിലേക്ക് കേരളത്തെ എത്തിച്ചത്.
ദുരന്ത സാഹചര്യത്തെ നേരിടാൻ സർക്കാർ സംവിധാനങ്ങളും വ്യക്തികളും യോജിച്ച നടപടികളിലേക്ക് കടക്കണം. കേരളത്തിലെ എല്ലാ ജില്ലകളും വൈകാതെ വരൾച്ചയുടെ പിടിയിലാകും. എന്നാൽ, ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും സിഡബ്ല്യുആർഡിഎം എക്‌സിക്യുട്ടീവ് ഡയറക്‌ടർ ഡോ. മനോജ് പി സാമുവൽ ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.
തുലാവർഷം ചതിച്ചാൽ കുടിവെള്ളം മുട്ടുന്ന അവസ്ഥയുണ്ടാകും. കെട്ടിടങ്ങളുടെ മുകൾ ഭാഗം ജലസംഭരണ കേന്ദ്രമാക്കുക എന്നതാണ് ഈ സാഹചര്യത്തെ നേരിടാനുള്ള മികച്ച താത്‌കാലിക മാർഗമെന്ന് സിഡബ്ല്യുആർഡിഎം ചൂണ്ടിക്കാട്ടുന്നു. ഉപേക്ഷിക്കപ്പെട്ട ക്വാറികൾ ജലസംഭരണികളാക്കൽ, അരുവികളെ പുനരുജ്ജീവിപ്പിക്കൽ തുടങ്ങിയവയും നടപ്പാക്കണം. പൈപ്പുകളിലെ ചോർച്ചയും മറ്റും മൂലം നേരിടുന്ന ജലനഷ്‌ടം പരിഹരിക്കാനും ഉടനടി നടപടി വേണം. വെള്ളം അമൂല്യമാണെന്ന ബോധം ഓരോ വ്യക്തിയിലും ഉണ്ടായാൽ പാഴാക്കപ്പെടുന്ന ഒരു തുള്ളിയും ജീവജലമായി മാറുമെന്നും സിഡബ്ല്യുആർഡിഎം വ്യക്തമാക്കുന്നു.