കോഴിക്കോട്: ഗുണ്ടകളെയും ക്രിമിനലുകളെയും പൊലീസിനെയും വിട്ട് സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാടപ്പള്ളിയും കഴക്കൂട്ടവും ഉള്‍പ്പെടെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് അതിക്രമം നടത്തി. ഇതിന് പുറമെയാണ് കണ്ണൂരിലെ നടാലില്‍ സിപിഎമ്മുകാര്‍ ഇറങ്ങി സില്‍വര്‍ലൈൻ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് എന്നും വിഡി സതീശൻ ആരോപിച്ചു.
സമരത്തില്‍ പങ്കെടുത്ത പാവങ്ങളെയും സ്ത്രീകളെയും മര്‍ദ്ദിക്കാനാണ് സിപിഎം ഗുണ്ടകളെ അയച്ചത്. പൊലീസിനെ മുൻനിർത്തി സമരത്തെ അടിച്ചമര്‍ത്താന്‍ കഴിയാതെ വന്നതോടെയാണ് സിപിഎം നേരിട്ട് ഗുണ്ടകളെ ഇറക്കിയത്. സമരം ചെയ്യുന്ന ആളുകളുടെ പല്ല് പോകുമെന്നാണ് എം.വി ജയരാജന്‍ പ്രഖ്യാപിച്ചത്. ജനങ്ങളുടെ പല്ലു പറിക്കാന്‍ പുതിയൊരു പല്ല് ഡോക്‌ടര്‍ കൂടി വന്നിരിക്കുകയാണെന്നും വിഡി സതീശൻ പരിഹസിച്ചു.