കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെയുള്ള പരിപാടിയില്‍ ലീഗിന് സിപിഎം നൽകിയ ക്ഷണം അങ്കലാപ്പിലാക്കി കോൺഗ്രസ്. ഒരു മുളം മുമ്പേ എറിഞ്ഞ സിപിഎം തന്ത്രത്തിൽ കുഴഞ്ഞു മറിയുമോ യുഡിഎഫ് സമവാക്യം. ഇതൊരു കെണിയാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞതിലാണ് കോൺഗ്രസിൻ്റെ ഏക ആശ്വാസം. എന്നാൽ അത് ലീഗിലെ എതിർ ചേരിയുടെ ശബ്‌ദമാകുമ്പോൾ കുഞ്ഞാലിക്കുട്ടി എന്ത് തീരുമാനിക്കും എന്നതിലാണ് എല്ലാവരുടെയും ആകാംക്ഷ.
ലീഗിന്‍റെ നോട്ടം വയനാട്ടിലേക്ക്:കോൺഗ്രസ് - ലീഗ് ബന്ധം ചരിത്രപരവും അഭേദ്യവുമാണെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്‌താവന നോക്കുമ്പോൾ സംഗതി ശാന്തമാണ്. എന്നാൽ ഇതൊരു വിലപേശൽ തന്ത്രമാക്കുമോയെന്ന ചിന്തയും കോൺഗ്രസിനുണ്ട്. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യം ഈ അവസരത്തിൽ ചർച്ചയിലേക്ക് ലീഗ് കൊണ്ടുവരുന്നത് അതിൻ്റെ ഭാഗമാണ്. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ വയനാട്ടിലാണ് ലീഗിൻ്റെ കണ്ണ്. എന്നാൽ കോൺഗ്രസിൻ്റെ ഒരേയൊരു ഉറച്ച സീറ്റ് വിട്ടു നൽകാൻ അവർ തയ്യാറാവാനുള്ള സാധ്യത വിരളമാണ്. അടുത്ത യുഡിഎഫ് യോഗത്തിൽ ചില നിർദേശങ്ങൾ ലീഗ് മുന്നോട്ട് വയ്‌ക്കാനാണ് സാധ്യത.
ലീഗിലെ ഒരു വിഭാഗത്തിന് സിപിഎം വേദി പങ്കിടുന്നതിനോട് താത്‌പര്യമുണ്ട്. അതേ സമയം കോൺഗ്രസിനെ പിണക്കാനും ധൈര്യം പോര. വിദൂരമായ ചില കണക്ക് കൂട്ടലുകൾ അതിന് പിന്നിലുണ്ട്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ മോദി സർക്കാരിനെ താഴെ ഇറക്കാൻ കഴിഞ്ഞാൽ പ്രതിപക്ഷ ഐക്യത്തിൽ സഖ്യ കക്ഷിയായി ചേർന്ന് ഒരു മന്ത്രി സ്ഥാനമെങ്കിലും തരപ്പെടുത്തി എടുക്കാം. അതിന് കോൺഗ്രസ് ബന്ധമാണ് അനിവാര്യം. ചില മണ്ഡലങ്ങളിൽ ഒറ്റക്ക് ജയിക്കാൻ കരുത്തുള്ള ലീഗ് പക്ഷേ നിയമസഭ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കളം മാറ്റി ചവിട്ടിയാലും അതിശയപ്പെടാനില്ല.