കോഴിക്കോട്:ബഫർസോൺ സമരങ്ങളെ രാഷ്‌ട്രീയമായി പ്രതിരോധിക്കാൻ സിപിഎം. കൂരാച്ചുണ്ടിലും ചക്കിട്ടപ്പാറയിലും ജനകീയ കൺവൻഷൻ വിളിച്ച് ചേർക്കാൻ പാർട്ടി തീരുമാനം. പ്രതിഷേധം സംസ്ഥാന സർക്കാരിന് എതിരായതോടെയാണ് വിഷയം വിശദീകരിക്കാൻ സിപിഎം തീരുമാനിച്ചത്.
ബാലുശ്ശേരി എംഎൽഎ കെ.എം സച്ചിൻദേവാണ് ജനകീയ കൺവൻഷന് നേതൃത്വം നൽകുന്നത്. സഭകളുമായി അടുത്ത ബന്ധം പുലർത്തുന്ന ഇടുക്കി മുൻ എം പി ജോയ്‌സ് ജോർജ് വിഷയത്തിൽ പ്രഭാഷണവും നടത്തും. സമരരംഗത്തേക്ക് കോൺഗ്രസ് ഇറങ്ങിയതോടെയാണ് പ്രതിരോധം ശക്തമാക്കാൻ സിപിഎമ്മും രംഗ പ്രവേശം നടത്തുന്നത്.
ജനകീയ കൺവൻഷൻ വിളിച്ച് ചേർക്കാനൊരുങ്ങി പാർട്ടി സഭ ഉയർത്തിയ ആശങ്കകൾക്ക് അടിസ്ഥാനമുണ്ടെന്ന് പ്രാദേശിക സിപിഎം നേതാക്കളും സമ്മതിക്കുന്നുണ്ട്. എന്നാൽ ഇതിലെ രാഷ്‌ട്രീയ മുതലെടുപ്പിലെ ശക്തമായി എതിർക്കുക എന്നതാണ് സിപിഎം ലക്ഷ്യമിടുന്നതും. കൂരാച്ചുണ്ടിൽ കഴിഞ്ഞ ദിവസം നടന്ന ജനജാഗ്രത യാത്രയിൽ സിപിഎം നേതാക്കളും പങ്കെടുത്തിരുന്നു.
കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി അംഗം, കക്കയം ബ്രാഞ്ച് സെക്രട്ടറി അടക്കം പാർട്ടി പ്രവർത്തകരും യാത്രയിൽ പങ്കാളികളായിരുന്നു. എന്നാൽ, ഇതിൽ തെറ്റില്ലെന്നും പാർട്ടിയോട് അനുവാദം വാങ്ങിയാണ് പ്രതിഷേധ പരിപാടിയിൽ അവർ പങ്കെടുത്തതെന്നും കൂരാച്ചുണ്ട് ലോക്കൽ കമ്മറ്റി നേതൃത്വവും വ്യക്തമാക്കി. സമരത്തിന് രാഷ്‌ട്രീയ താത്പര്യങ്ങളില്ലെന്നാണ് പ്രതിഷേധം സംഘടിപ്പിച്ച താമരശ്ശേരി രൂപത നേതൃത്വവും വിശദീകരിച്ചത്.
അതിനിടെ ബഫർ സോൺ വിഷയത്തിൽ സിപിഎം ഭരിക്കുന്ന കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയിയെ സമീപിക്കാൻ തീരുമാനിച്ചു. പഞ്ചായത്തിലെ 75 ശതമാനം കുടുംബങ്ങളും പരിസ്ഥിതി ലോല പ്രദേശത്തിന്‍റെ ചുറ്റളവിൽ വരുമെന്ന ആശങ്ക അറിയിക്കാനാണ് കോടതിയെ സമീപിക്കുന്നത്. വിഷയം ചർച്ച ചെയ്യാൻ ശനിയാഴ്ച പഞ്ചായത്തിൽ പ്രത്യേക യോഗവും ചേരും. സർവകക്ഷി അഭിപ്രായത്തോടെയാണ് പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിക്കുന്നത്.