കേരളം

kerala

ETV Bharat / state

ETV Bharat Impact : 'മരിച്ചുപോയ അമ്മയെ തിരികെ കിട്ടി' ; തന്നെ വരച്ച അമ്മാളുക്കുട്ടി അമ്മയെ കാണാനെത്തി പന്ന്യന്‍ രവീന്ദ്രന്‍ - കോഴിക്കോട്

അന്ന് ഇടിവി ഭാരത് കേരള, വാര്‍ത്ത ചെയ്യുമ്പോൾ പന്ന്യനെ കാണണമെന്ന് അമ്മാളുക്കുട്ടി അമ്മ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു, ആ നിമിഷം തന്നെ വിളിച്ചപ്പോൾ സ്വന്തം അമ്മയുടെ രൂപം പന്ന്യൻ മനസിൽ കണ്ടു. ഫെബ്രുവരി ആദ്യവാരം വരാമെന്ന് പറഞ്ഞു. അതിന് പിന്നാലെയാണ് അമ്മാളുക്കുട്ടി അമ്മയെ കാണാന്‍ പന്ന്യൻ രവീന്ദ്രനെത്തിയത്

CPI Leader Pannyan Raveendran  Pannyan Raveendran  CPI Leader  Pannyan Raveendran visits Ammalukutty Amma  Kozhikkode  ഇടിവി ഭാരത് ബിഗ് ഇംപാക്‌ട്  ഇടിവി ഭാരത്  അമ്മാളുക്കുട്ടി അമ്മയെ കാണാന്‍  പ്രിയ സഖാവ്  പന്ന്യൻ രവീന്ദ്രന്‍  അമ്മാളുക്കുട്ടി അമ്മ  കോഴിക്കോട്  പന്ന്യൻ
തന്നെ വരച്ച അമ്മാളുക്കുട്ടി അമ്മയെ കാണാന്‍ 'പ്രിയ സഖാവ്' നേരിട്ടെത്തി

By

Published : Feb 6, 2023, 10:44 PM IST

അമ്മാളുക്കുട്ടി അമ്മയെ കാണാന്‍ പന്ന്യന്‍ രവീന്ദ്രനെത്തി

കോഴിക്കോട് :പറഞ്ഞ വാക്കുപാലിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. തന്‍റെ ചിത്രം വരച്ച തൊണ്ണൂറുകാരിയായ അമ്മാളുക്കുട്ടി അമ്മയെ കാണാനാണ് പന്ന്യനെത്തിയത്. തന്‍റെ മരിച്ചുപോയ അമ്മയെ തിരികെ കിട്ടിയെന്നാണ് പന്ന്യൻ രവീന്ദ്രൻ അമ്മാളുക്കുട്ടി അമ്മയെ കണ്ടപാടെ പറഞ്ഞത്. അങ്ങനെ അതൊരു അമ്മ - മകന്‍ കൂടിക്കാഴ്‌ചയുമായി.

വീട്ടിലേക്ക്: "എന്‍റെ അമ്മ വായിക്കുമായിരുന്നു, ഈ അമ്മ വരയ്ക്കും. ഇത് രണ്ടും ഒരു പോലെയാണ്". പറഞ്ഞുതീര്‍ന്നപ്പോള്‍ ഒരു നിമിഷം അവർ ശരിക്കും അമ്മയും മകനുമായി. കാഴ്‌ചക്കാർക്കും ഒരു നിമിഷം ശബ്‌ദമിടറി. ഒരു കാണാക്കാഴ്ചയിൽ നിന്ന് അപൂർവ കൂടിക്കാഴ്ച വസന്തം തീർത്ത നിമിഷം. പിന്നെ മുടിയെക്കുറിച്ചായി ചർച്ച. നൂറുകണക്കിന് ചിത്രം തോന്നിയത് പോലെ വരച്ച അമ്മാളുക്കുട്ടി അമ്മ, പത്രത്തിൽ കണ്ട് വരച്ചതാണ് പന്ന്യനെ. മുടിയാണ് അതിലേക്ക് നയിച്ചതെന്നുകൂടി പങ്കുവച്ചപ്പോൾ സഖാവ് കാലങ്ങൾ പിന്നിലേക്ക് സഞ്ചരിച്ചു.

മുടിയില്‍ കാര്യമുണ്ട് :അടിയന്തരാവസ്ഥയുടെ കാലം. കുട്ടി നേതാവായി അങ്ങ് കണ്ണൂർ നഗരത്തിലൂടെ നടക്കുന്ന സമയം. അടിയന്തരാവസ്ഥയിൽ നാട് വിറങ്ങലിച്ചപ്പോൾ പൊലീസിന്‍റെ നായാട്ടാണ്. പുലി എന്ന് വിളിപ്പേരുള്ള പുലിക്കോടൻ നാരായണൻ എന്ന പൊലീസ് ഓഫിസറുടെ മുന്നിൽ പെട്ടതും ''ഈ മുടി നീട്ടിയത് ഞാൻ കാണാഞ്ഞിട്ടല്ല, തൽക്കാലം പൊയ്‌ക്കോ'' എന്ന് ജീപ്പിലെത്തിയ പുലിക്കോടൻ തന്നെ താക്കീത് ചെയ്തതുമെല്ലാം പന്ന്യൻ പറയുമ്പോൾ പഴയ നിശ്ചയദാർഢ്യം കണ്ണിൽ തെളിഞ്ഞിരുന്നു.

കൂടെയുള്ളവരെല്ലാം പല വഴിക്ക് പോയപ്പോൾ ധൈര്യത്തോടെ നിന്ന പന്ന്യൻ പിന്നീട് മുടി നീട്ടി തന്നെ വളർത്തി. ഹിപ്പികളുടെ കാലം കഴിഞ്ഞിട്ടും അത് തുടർന്നു. കാൻസർ രോഗികൾക്ക് വേണ്ടി ഒരു തവണ മുറിച്ച് നൽകിയിട്ടുണ്ടെന്നും എന്നാലും തന്‍റെ വ്യക്തിമുദ്രയില്‍ മുടി പ്രധാനമാണെന്നും പന്ന്യൻ സമ്മതിക്കുന്നു. അത് പാർലമെന്‍റിൽ പോലും തുണയായിട്ടുണ്ടെന്നുമുള്ള കഥകൾ പലതും പറഞ്ഞ് സഖാവ് മടങ്ങുമ്പോഴും നടന്നത് സ്വപ്‌നമോ യഥാർഥ്യമോ എന്ന് വിശ്വസിക്കാൻ അമ്മാളുക്കുട്ടി അമ്മക്ക് കഴിഞ്ഞിരുന്നില്ല.

കാണുന്നതെന്തും വരയാകും : അമ്മാളുക്കുട്ടി അമ്മയ്ക്ക്‌ പ്രായം തൊണ്ണൂറാണ്. കുട്ടികളെ പോലെ എപ്പോഴും ചിത്രങ്ങൾ വരച്ചുകൂട്ടുന്നതാണ് പേരിൽ തന്നെ കുട്ടിയുള്ള ഈ മുത്തശ്ശിയുടെ വിനോദം. വരച്ച ചിത്രങ്ങളൊക്കെ അകത്തെ ചുമരിലുണ്ട്. രാവിലെ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് ഇങ്ങനെ ഇരിക്കുമ്പോൾ ഒരു തോന്നലാണ്. തുടര്‍ന്ന് വരയ്ക്കാ‌നുള്ള സാമഗ്രികളൊക്കെ എടുത്ത് വരും. ഉള്ളിൽ തെളിയുന്ന ചില രൂപങ്ങളാണ് വിരൽതുമ്പിൽ വിരിയുക. അത് ആരെന്നോ എന്തെന്നോ ചോദിക്കരുത്. കാഴ്ച മങ്ങി വരുന്ന കണ്ണുകൾക്ക് ഉൾക്കാഴ്‌ചയുടെ ബലം നൽകി വരകൾക്ക് നിറം നൽകും. ഒടുവിലത് ചിത്രമാകും.

സഖാവിനെ 'കണ്ടെത്തല്‍': അങ്ങനെയുള്ള നൂറിലേറെ ചിത്രങ്ങൾ അമ്മാളുക്കുട്ടി അമ്മയുടെ വീടിന്‍റെ ചുമരിലുണ്ട്. പെൻസിൽ കൊണ്ട് രൂപം നൽകുന്ന വരകളെ കളർഫുള്ളാക്കുന്നത് ക്യൂട്ടക്സും കൺമഷിയും വാട്ടർ കളറും എല്ലാം ചേർത്താണ്. ദൈവ രൂപങ്ങൾക്ക് നിറം പകരാണ് ഏറെ ഇഷ്‌ടം. പൂക്കളും പക്ഷികളുമൊക്കെ ചിത്രങ്ങളാകുമ്പോൾ പ്രായം മറക്കും. ചിരി വിടരും. അതിനിടയിലാണ് ചിത്രങ്ങൾക്കിടയിൽ ഒരു പരിചിത മുഖം ശ്രദ്ധയിൽപ്പെട്ടത്. അതെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനെ പോലെ.ഇടയ്‌ക്കെപ്പൊഴോ പത്രം നോക്കിയപ്പോൾ ശ്രദ്ധയിൽപ്പെട്ടതാണ് പോലും അതും മുടി നീട്ടി വളർത്തിയത് കൊണ്ടാണ് പെരുത്തിഷ്‌ടമായത്. അദ്ദേഹത്തെ നേരിൽ കാണമെന്ന് അമ്മാളുക്കുട്ടി അമ്മ ആഗ്രഹം പ്രകടിപ്പിച്ചതോടെ അത് നേരിട്ട് തന്നെ അറിയിച്ചേക്കാം എന്ന് കരുതി പന്ന്യൻ സഖാവിനെ വിളിച്ച് കണക്‌ട് ചെയ്ത് കൊടുത്തു. അതിന് മറുപടിയുമായി പന്ന്യന്‍ തന്നെ നേരിട്ടുമെത്തി.

'ജീവിത'ക്കൂട്ട്: പത്ത് മക്കളെ പ്രസവിച്ച് വളർത്തിയ അമ്മ. അഞ്ച് പേർ ഇപ്പോൾ ജീവിച്ചിരിപ്പില്ല.ഓർമകൾക്കും ജീവിത പ്രാരാബ്‌ധങ്ങൾക്കുമിടയിലും പതിയാതെ പോയ ചിത്രങ്ങളാണ് അമ്മാളുക്കുട്ടി അമ്മയുടെ ഇന്നത്തെ കൂട്ട്. അങ്ങനെ ജീവിത സായാഹ്നത്തെ മനോഹരമാക്കുകയാണ് കോഴിക്കോട് കൊമ്മേരിയിലെ പുതുശ്ശേരിക്കണ്ടി പറമ്പിൽ അമ്മാളുക്കുട്ടി അമ്മ. ഏറ്റവുമൊടുവിൽ പ്രിയ സഖാവ് എത്തിയതോടെ ആ മാതൃഹൃദയം ആനന്ദാശ്രു പൊഴിച്ചു. കണ്ടു നിന്നവർക്ക് സന്തോഷനിമിഷവും.

ABOUT THE AUTHOR

...view details