കോഴിക്കോട്: ആദ്യ ഘട്ട കൊവിഡ് വാക്സിനുകള്‍ ജില്ലയിലെത്തി.പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ച വാക്സിന്‍ വൈകിട്ട് നാല് മണിയോട് കൂടിയാണ് മലാപ്പറമ്പിലെ റീജ്യണല്‍ വാക്‌സിന്‍ സ്റ്റോറിലെത്തിച്ചത്. വിമാന മാര്‍ഗം രാവിലെ പത്തേമുക്കാലോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച് അവിടെ നിന്നും പ്രത്യേകം സജ്ജീകരിച്ച ട്രക്കിലാണ് വാക്‌സിന്‍ കോഴിക്കോട്ടെത്തിച്ചത്. ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.മോഹന്‍ദാസ് വാക്സിന്‍ ഏറ്റുവാങ്ങി.
പ്രത്യേക താപനില ക്രമീകരിച്ച ബോക്‌സുകളില്‍ 1,19,500 ഡോസ് വാക്സിനാണ് ജില്ലയില്‍ എത്തിച്ചിട്ടുള്ളത്. ഓരോ ബോക്‌സിലും 12,000 ഡോസ് വാക്സിനാണുള്ളത്. ജനുവരി 16ന് ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ വാക്സിന്‍ വിതരണം തുടങ്ങും. കോഴിക്കോട് മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി, ജില്ലാ ആയുര്‍വേദ ആശുപത്രി, ഫറോക്ക് ഇ.എസ്.ഐ ആശുപത്രി, പേരാമ്പ്ര, നാദാപുരം,കൊയിലാണ്ടി, താലൂക്ക് ആശുപത്രികള്‍, പനങ്ങാട് എഫ്.എച്ച്.സി, നരിക്കുനി, മുക്കം സി.എച്ച്.സികള്‍, ആസ്റ്റര്‍ മിംമ്സ് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടങ്ങളില്‍ വാക്സിന്‍ എത്തിക്കുക.
സ്വകാര്യ ആശുപത്രികളില്‍ നിന്നടക്കം 33,799 പേരാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.മോഹന്‍ദാസിനാണ് ജില്ലയിലെ ഏകോപനച്ചുമതല. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടാം ഘട്ടത്തില്‍ ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്സിനും മൂന്നാം ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കുമാണ് വാക്സിന്‍ നല്‍കുക. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ നടത്തിയ ഡ്രൈ റണ്‍ പൂര്‍ണ വിജയമായിരുന്നു. 100 ജീവനക്കാരില്‍ കൂടുതലുള്ള സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളില്‍ രണ്ടും മൂന്നും ഘട്ടങ്ങളിലായി വാക്സിന്‍ എത്തിക്കും.