ജാമ്യമെടുക്കാനില്ലെന്ന് ഉറച്ച് ഗ്രോ വാസു കോഴിക്കോട് : ജാമ്യമെടുക്കാനില്ലെന്ന നിലപാടിൽ ഉറച്ച് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു. ഇതോടെ കോടതി റിമാൻഡ് നീട്ടി. പോരാട്ടം കോടതിയോടല്ലെന്നും ഭരണകൂടത്തോട് ആണെന്നും ഗ്രോ വാസു പ്രതികരിച്ചു. ഭരണകൂടവും പൊലീസും ഇരട്ടനീതിയാണ് കാണിക്കുന്നത്. കോടതിക്ക് നിയമ പ്രകാരമേ ചെയ്യാനാവൂ. നിയമത്തിലെ തെറ്റ് ചോദ്യം ചെയ്യുന്നതാണ് തൻ്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.
തെറ്റുകൾക്കെതിരെ ജീവൻ കൊടുക്കാൻ തയ്യാറാണ്. പിണറായി വിജയൻ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണെന്ന് ജനം വിചാരിക്കുന്നു. എന്നാൽ പിണറായിയാണ് ഏറ്റവും വലിയ കോർപ്പറേറ്റെന്ന് ഗ്രോ വാസു കുറ്റപ്പെടുത്തി. ഇക്കാര്യം ജനം മനസിലാക്കുന്നില്ലെന്നും മനസിലാക്കുന്ന കാലം വരെ താൻ ജീവിച്ചിരിക്കണമെന്നില്ലെന്നും വാസു കൂട്ടിച്ചേര്‍ത്തു.
കേസും അറസ്റ്റും റിമാൻഡും : 2016 ല്‍ കരുളായിയില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച കേസിലാണ് ഗ്രോ വാസുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്‌തത്. കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയ വാസുവിനെ മജിസ്ട്രേറ്റ് സ്വന്തം ജാമ്യത്തില്‍ വിട്ടെങ്കിലും രേഖകളില്‍ ഒപ്പ് വയ്‌ക്കാന്‍ വാസു തയ്യാറായിരുന്നില്ല.
താങ്കള്‍ കുറ്റം ചെയ്‌തിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന്, സംഭവവുമായി ബന്ധപ്പെട്ട് താന്‍ പ്രതിഷേധം അറിയിക്കുക മാത്രമാണ് ചെയ്‌തതെന്നായിരുന്നു ഗ്രോ വാസുവിന്‍റെ ഉത്തരം. കേസ് പരിഗണിച്ച കോടതി ഒടുവിൽ സ്വന്തം പേരില്‍ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. ഗ്രോ വാസുവിന്‍റെ പ്രായം പരിഗണിച്ചായിരുന്നു ജാമ്യം.
എന്നാല്‍ താന്‍ രേഖകളില്‍ ഒപ്പു വയ്‌ക്കാന്‍ തയ്യാറല്ലെന്നായിരുന്നു അപ്പോഴും ഗ്രോ വാസു പറഞ്ഞത്. ഇതോടെ പൊല്ലാപ്പിലായ പൊലീസ് ഗ്രോ വാസുവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസിന്‍റെ അനുനയ ശ്രമങ്ങളൊന്നും അവിടെ വിലപോയില്ല. ഇതോടെ ഗ്രോ വാസുവിന്‍റെ കൂടെ മുൻപ് സമരങ്ങളിലെല്ലാം പങ്കെടുത്തിരുന്ന കൂട്ടാളിയായ മോയിന്‍ ബാപ്പുവിനെ പൊലീസ് സ്ഥലത്തെത്തിച്ചു.
അദ്ദേഹവും നിരവധി കാര്യങ്ങള്‍ പറഞ്ഞ് വാസുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ബാപ്പുവിന്‍റെ ശ്രമവും വിഫലമായി. ഭരണകൂടത്തോടുള്ള തന്‍റെ പ്രതിഷേധം അറിയിക്കാന്‍ വേണ്ടിയാണ് താന്‍ ഒപ്പ് വയ്‌ക്കാത്തതെന്നായിരുന്നു ഗ്രോ വാസുവിന്‍റെ മറുപടി. അനുനയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ മുതിര്‍ന്ന അഭിഭാഷകരും പൊതു പ്രവര്‍ത്തകരും ഒരു കൈ ശ്രമം നടത്തിയെങ്കിലും അതും പാഴാകുകയായിരുന്നു.
രേഖകളില്‍ ഒപ്പ് വയ്‌പ്പിക്കാനുള്ള പൊലീസിന്‍റെയും മറ്റുള്ളവരുടെയും ശ്രമം വിഫലമായതോടെ മജിസ്‌ട്രേറ്റ് വിപി അബ്‌ദുല്‍ സത്താര്‍ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരും ജാമ്യത്തില്‍ ഇറങ്ങിയെന്നും അതുപോലെ താങ്കള്‍ക്കും പിഴ അടച്ച് പുറത്ത് പോകാമെന്നും പറഞ്ഞു. എന്നാൽ കോടതി നടപടികളെ പരിഗണിക്കുന്നുണ്ടെന്നും, പിഴ അടയ്‌ക്കാനും രേഖകളില്‍ ഒപ്പ് വയ്‌ക്കാനും താന്‍ തയ്യാറല്ലെന്നും വാസു വീണ്ടും ഉറപ്പിച്ച് പറയുകയായിരുന്നു.
ഇതോടെയാണ് വാസുവിനെ കോടതി റിമാന്‍ഡ് ചെയ്‌ത് കോഴിക്കോട് സബ് ജയിലിലേക്ക് മാറ്റിയത്. പിന്നാലെ വാസുവിന് പിന്തുണയുമായി സിനിമ താരം ജോയ് മാത്യു ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. 94-ാം വയസിലും തനിക്ക് ശരിയെന്ന നിലപാടിലുറച്ച് ജയിലില്‍ പോകാന്‍ തയ്യാറായ യുവത്വത്തിന്‍റെ പേരാണ് ഗ്രോ വാസുവെന്നാണ് ജോയ് മാത്യു ഫേസ്‌ബുക്കില്‍ കുറിച്ചത്.