കോഴിക്കോട്: ചാലിയാറിനു കുറുകെ എളമരം കടവിൽ പണിയുന്ന പാലത്തിന്‍റെ സ്ലാബുകളുടെ പ്രവർത്തനം തുടങ്ങി. മാവൂർ ഭാഗത്ത് കൂളിമാട് റോഡിനോട് ചേർന്ന് നിർമാണം പൂർത്തിയായ ആദ്യത്തെ രണ്ട് സ്പാൻ ബീമുകളിലെ സ്ലാബ് കോൺക്രീറ്റ് ചെയ്യാനുള്ള ജോലികളാണ് തുടങ്ങിയത്. കരയിലും പുഴയിലുമായുള്ള മൂന്നാമത്തെ സ്പാനിന്‍റെ ബീം നിർമാണ പ്രവൃത്തിയും തുടങ്ങിയിട്ടുണ്ട്. പുഴയിലായി നിർമിക്കുന്ന ഏഴ് തൂണുകളിൽ ഏറ്റവും മധ്യത്തിലുള്ള നാലാമത്തെ തൂണിെൻറ പൈലിങ് കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. പാലത്തിന്‍റെ ആകെയുള്ള 11 തൂണുകളിൽ ഏഴാമത്തേതാണിത്.
മാവൂർ എളമരം കടവിൽ പാലം പണി പുരോഗമിക്കുന്നു - Construction work
2019ലെ പ്രളയത്തിന്‍റെ ജലനിരപ്പ് പരിഗണിച്ച് വിദഗ്‌ധ സംഘത്തിന്‍റെ നിർദേശാനുസരണം പാലത്തിന് ഒരു മീറ്റർ ഉയരം കൂട്ടിയിട്ടുണ്ട്.
പുഴയിലുള്ള മൂന്നും മലപ്പുറം ജില്ലയുടെ ഭാഗത്ത് കരയിലുള്ള ഒരു തൂണിന്‍റെ പ്രവൃത്തിയുമാണ് ഇനി ശേഷിക്കുന്നത്. 350 മീറ്റർ നീളമുള്ള പാലത്തിന് 35 മീറ്റർ വീതമുള്ള 10 സ്‌പാനുകളാണ് പണിയുന്നത്. 2019ലെ പ്രളയത്തിന്‍റെ ജലനിരപ്പ് പരിഗണിച്ച് വിദഗ്‌ധ സംഘത്തിന്‍റെ നിർദേശാനുസരണം പാലത്തിന് ഒരു മീറ്റർ ഉയരം കൂട്ടിയിട്ടുണ്ട്. കാലവർഷത്തിന് മുമ്പ് പുഴയിലെ തൂണുകളുടെയടക്കം നിർമാണം പൂർത്തിയാക്കാൻ ദ്രുതഗതിയിലാണ് പ്രവൃത്തി നടക്കുന്നത്.
കാലവർഷം തുടങ്ങുന്നതിന് രണ്ടാഴ്‌ച മുമ്പെങ്കിലും പുഴയിലുള്ള നിർമാണ പ്രവൃത്തി നിർത്തിവെക്കേണ്ടിവരും. കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 35 കോടി രൂപ ചെലവിട്ടാണ് പാലം പണിയുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള പി.ടി.എസ് ഹൈടെക് പ്രോജക്ട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും കെ.കെ ബിൽഡേഴ്സും ചേർന്നാണ് പ്രവൃത്തി നടത്തുന്നത്.