കോഴിക്കോട്: എന്തേ ഇത്ര വൈകി എന്ന് ചോദിക്കരുത്, ഇത് ഇന്ത്യൻ നാഷണല്‍ കോൺഗ്രസാണ്. ഇവിടെ ഇങ്ങനെയാണ്. എങ്കിലും പാർട്ടിക്ക് സംഭവിച്ച തെറ്റ് തിരുത്തിയതില്‍ അഭിമാനിക്കാം. കോൺഗ്രസ് പാർട്ടി തിരുത്തിയ തെറ്റ് എന്താണ് എന്നറിയണമെങ്കില്‍ 51 വർഷം പിന്നിലേക്ക് പോകണം.
സ്ഥലം കോഴിക്കോട്. വർഷം 1970... കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ അറിയിപ്പ്. ഡിസിസി അംഗവും എടക്കാട് ഡിവിഷൻ കോൺഗ്രസ് സെക്രട്ടറിയുമായ എം.സി. കൃഷ്ണനെ പാർട്ടിയിൽ നിന്ന് ‘അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുന്നു’ എന്ന ഒറ്റവരി കുറിപ്പ്.
എംസി കൃഷ്ണന്‍റെ കഥ, വല്ലാത്തൊരു കഥയാണ്
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ പൊതുരംഗത്തെത്തിയ എടക്കാട് സ്വദേശി എംസി കൃഷ്ണൻ പാർട്ടിയുടെ കോഴിക്കോട് ടൗൺ സെക്രട്ടറിയായിരുന്നു. പാർട്ടി നിരോധിച്ച കാലത്ത് 8 മാസത്തോളം ജയിൽവാസം അനുഭവിച്ചു. കോൺഗ്രസ് നേതാവായിരുന്ന കെ. കേളപ്പനെ വധിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി പദ്ധതിയിട്ടിരുന്നുവെന്ന എം.സി. കൃഷ്ണന്‍റെ വെളിപ്പെടുത്തൽ വിവാദമായിരുന്നു.
കൃഷ്ണനെ വീണ്ടും കോൺഗ്രസാക്കി, അരനൂറ്റാണ്ടിന് ശേഷം 1955ല്‍ കോൺഗ്രസിൽ ചേർന്നു. എടക്കാട് ഡിവിഷൻ കോൺഗ്രസ് സെക്രട്ടറിയും ഡിസിസി അംഗവുമായി. 1970ൽ എടക്കാട് ക്ഷീരസഹകരണ സംഘം പ്രസിഡന്‍റായി. പ്രസിഡന്‍റായ ശേഷം കൃഷ്ണന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു മുൻഭരണസമിതിയുടെ കാലത്തെ കണക്കുകളിൽ എണ്ണായിരത്തോളം രൂപയുടെ കുറവു കണ്ടെത്തിയത്.
കൃഷ്ണൻ ധനാപഹരണം നടത്തിയെന്നായിരുന്നു സിപിഎം ആരോപണം. പിന്നാലെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്തായി. അതോടെ ഒൻപത് സംഘടനകളിലെ ഭാരവാഹിത്വവും ഒഴിഞ്ഞു. പണം നഷ്ടമായതു മുൻ ഭരണസമിതിയുടെ കാലത്താണെന്നു കണ്ടെത്തിയ കോടതി കൃഷ്ണനെ കുറ്റവിമുക്തനാക്കി. എന്നാൽ കോൺഗ്രസ് പാർട്ടി നടപടി തിരുത്തിയില്ല.
തിരുത്താൻ അരനൂറ്റാണ്ട്
ജീവിതപ്രാരാബ്ധങ്ങൾക്കിടെ കൃഷ്ണൻ ഒരു നേതാവിന്‍റെയും പിന്നാലെ പോയില്ല. മറ്റു പാർട്ടിക്കാരുടെ ക്ഷണം നിരസിച്ച കൃഷ്ണൻ മനസ്സു കൊണ്ടു കോൺഗ്രസുകാരനായി തുടർന്നു. എടക്കാട് ജ്യോതി എന്ന പേരിൽ ബേക്കറി നടത്തി. 48 വർഷമായി കാലിക്കറ്റ് ബേക്കറി ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറിയാണ്. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു വ്യക്തിയായിട്ടല്ല താൻ ജീവിച്ചതെന്നും സസ്പെൻഷൻ വിവരം പലർക്കും അറിയില്ലായിരുന്നെന്നും കൃഷ്ണൻ പറയുന്നു.
ഒടുവില്‍ അരനൂറ്റാണ്ടിന് ശേഷം കോൺഗ്രസ് പാർട്ടി ആ തെറ്റ് തിരുത്തി. ചെയ്യാത്ത തെറ്റിന്‍റെ പേരിൽ 51 വർഷം പാർട്ടിക്കു പുറത്തുനിൽക്കേണ്ടി വന്ന എം.സി. കൃഷ്ണന്‍റെ സസ്പെൻഷൻ പിൻവലിച്ചു. കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് യു രാജീവൻ വീട്ടിൽ ചെന്ന് അംഗത്വം നൽകി. തൊണ്ണൂറ്റിയഞ്ചാം വയസ്സിൽ പാർട്ടി അംഗത്വം ലഭിച്ചതോടെ എറ്റവും മുതിർന്ന 'കന്നി അംഗ' മായി കൃഷ്ണേട്ടൻ.