കേരളം

kerala

ETV Bharat / state

ചിന്തൻ ശിബിരം നല്‍കിയ 'ചിന്തകളില്‍' നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുമോ കോണ്‍ഗ്രസ് - ചോദ്യങ്ങളുയര്‍ത്തി കോഴിക്കോട് ചിന്തന്‍ ശിബിരം

ഉദയംപൂരിലെ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ തീരുമാനിച്ച പാര്‍ട്ടി പ്രവര്‍ത്തനത്തിന്‍റെ പ്രായ പരിധി നിശ്ചയിക്കുന്ന കാര്യം ഉദയംപൂരില്‍ തന്നെ അവസാനിപ്പിച്ചു. ഉദയംപൂരിലെ ശിബിരത്തില്‍ തീരുമാനിച്ച കാര്യങ്ങളൊന്നും കോഴിക്കോട് ശിബിരത്തില്‍ ചര്‍ച്ചയ്‌ക്ക്‌ എടുത്തില്ല.

kl_kkd_26_06_shibirm_follo‌w_7203295  ചിന്തന്‍ ശിബിരം  കോണ്‍ഗ്രസ്  congress chintan shibir in kozhikodu district  ചോദ്യങ്ങളുയര്‍ത്തി കോഴിക്കോട് ചിന്തന്‍ ശിബിരം  congress chintan shibir in kozhikodu district
ചിന്തൻ ശിബിരം നല്‍കിയ 'ചിന്തകളില്‍' നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുമോ കോണ്‍ഗ്രസ്

By

Published : Jul 26, 2022, 7:50 PM IST

കോഴിക്കോട്: തോൽവിയെ കുറിച്ച് പഠിച്ച് പഠിച്ച് കേന്ദ്രത്തിലും കേരളത്തിലും വീണ്ടും തോറ്റതാണ് കോൺഗ്രസിനെ ഇത്രയേറെ ക്ഷീണിപ്പിച്ചത്. ഇനി ഒരു തവണ കൂടി തോറ്റാൽ പാർട്ടി 'ചരിത്ര'ത്തിൻ്റെ ഭാഗമാകുമെന്ന ഭയപ്പാട് ഓരോ നേതാക്കൾക്കുമുണ്ട്. ഇങ്ങനെ ഒരു പാർട്ടി ഇവിടെ ഉണ്ടെന്നും ഞങ്ങൾ പൂർവാധികം ശക്തിയോടെ തിരിച്ച് വരുമെന്നും പ്രഖ്യാപിക്കാനായിരുന്നു ചിന്തൻ ശിബിരം നടത്തിയത്.

എന്നാൽ ആദ്യം ഉദയംപൂരിലും പിന്നാലെ കോഴിക്കോട്ടും ഇരുന്ന് ചിന്തിച്ചതിലൂടെ എന്ത് മാറ്റമാണ് സംഭവിക്കാൻ പോകുന്നത് എന്നാണ് ഉയരുന്ന ചോദ്യം. ഗ്രൂപ്പ് കളിയും കാല് വാരലും തകൃതിയായി നടക്കുമ്പോഴും തെരഞ്ഞെടുപ്പ് വരുമ്പോൾ 'ഞങ്ങൾ ഒറ്റക്കെട്ട്' എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കെട്ടിനൊന്നും മുറുക്കം പോരായിരുന്നു എന്ന് തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിച്ചു.

സംസ്ഥാനത്തെ പുതിയ കോൺഗ്രസ് നേതൃത്വമാകട്ടെ ആ ഒറ്റക്കെട്ടിനെ നൈസായിട്ടങ്ങ് ഒഴിവാക്കി, പകരം 'കൂട്ടായ തീരുമാനത്തിലേക്ക്' മാറി. പഴയ നേതൃത്വത്തിനും ഗ്രൂപ്പ് 'ചാമ്പ്യൻ'മാർക്കും പഴയ വാക്ക് ഉപയോഗിക്കാൻ പറ്റാതെയുമായി. അങ്ങനെയിരിക്കെയാണ് എല്ലാവരും കോഴിക്കോട്ട് ഇരുന്ന് ചിന്തിച്ചത്.

ഉദയംപൂരിൽ ഇരുന്ന് ചിന്തിക്കാൻ തുടങ്ങിയപ്പോൾ ഉയർന്ന് വന്ന ഒരു വിഷയം പാർട്ടി പ്രവർത്തനത്തിന് പ്രായ പരിധി നിശ്ചയിക്കുക എന്നതായിരുന്നു. 65 വയസ് കഴിഞ്ഞവർ വിശ്രമിക്കട്ടെ എന്ന് ഒരു വിഭാഗം പറഞ്ഞു. എന്നാൽ ശിബിരം അവസാനിച്ചപ്പോൾ ഇങ്ങനെയൊരു വിഷയത്തെ കുറിച്ച് ആർക്കും അറിവില്ലായിരുന്നു.

ഒരാൾക്ക് എത്ര തവണ മത്സരിക്കാം എന്ന വിഷയത്തെ കുറിച്ച് കേട്ടുകേൾവി പോലുമില്ലായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമ്പോൾ കോൺഗ്രസ് പാർട്ടിയിൽ ഉണ്ടാകുന്ന കലാപങ്ങൾക്ക് മുഖ്യ കാരണമാകുന്നത് മേൽപ്പറഞ്ഞ രണ്ട് കാരണങ്ങളാണ്. അതിങ്ങ് കോഴിക്കോട്ട് ഇരുന്ന് ചിന്തിച്ചപ്പോള്‍ ശിബിരത്തിൻ്റെ ഏഴയലത്ത് പോലും വിഷയം വന്നില്ല. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാം എന്ന ഭംഗി വാക്കിൽ എല്ലാം ഒരുക്കി.

സീറ്റ് മോഹവും സീറ്റ് നിഷേധവുമാണ് കോൺഗ്രസിനെ തകർക്കുന്ന ഏറ്റവും വലിയ വിഷയം. മോഹിച്ച സീറ്റ് കിട്ടിയില്ലെങ്കിൽ സീറ്റ് ലഭിച്ച സ്ഥാനാർഥിയെ തോൽപ്പിക്കുന്നത് കോൺഗ്രസിൽ ഒരു പുതുമയുള്ള കാര്യമില്ല, ഇനി അതിന് ആൾബലമില്ലെങ്കിൽ വേറെ പാർട്ടിയിലേക്ക് ഒറ്റ ദിവസം കൊണ്ട് ചേക്കേറും. സി.പി.എം അടക്കമുള്ള മറ്റ് പാർട്ടികളിലാണ് ഇത്തരം സംഭവങ്ങൾ നടന്നതെങ്കിൽ നടപടി കഠിനമായിരിക്കും.

കോൺഗ്രസ് പാർട്ടിയിലെ നടപടി ആണെങ്കിൽ അത് ഗ്രൂപ്പിനെ പിടിച്ച് മുന്നിലിട്ട് ന്യൂട്രൽ ആക്കുമായിരുന്നു. തരംതാഴ്‌ത്താനും പുറം തള്ളാനും വലിയ കാലതാമസമില്ലാതെ തീരുമാനമെടുക്കുന്ന ഒരു പുതിയ നേതൃത്വം നിലവിൽ കേരളത്തിലുണ്ട്. അതിൻ്റെ മികവ് അറിയണമെങ്കിൽ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് വരെയെങ്കിലും കാത്തിരിക്കണം.

താഴെ തലം തൊട്ട് ഓരോ കമ്മിറ്റിയിലേയും അംഗ സംഖ്യ എല്ലാ സീമയും ലംഘിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ 'ജംബോ' കമ്മിറ്റികൾ ഇനിയുണ്ടാവില്ല എന്ന് ചിന്തൻ ശിബിരം പറയുന്നു. സംഘടന മാർഗരേഖ തയ്യാറാക്കാൻ രൂപീകരിച്ച സമിതിയാണ് ചെറു നേതൃ സമിതികൾ എന്ന ആശയം മുന്നോട്ട് വച്ചത്.

ബൂത്ത് ഭാരവാഹികളുടെ എണ്ണം 7, നിർവ്വാഹക സമിതിയിൽ 5, വാർഡ് കമ്മിറ്റിയിൽ 9 നിർവ്വാഹക സമിതിയിൽ 7, മണ്ഡലം കമ്മിറ്റി 15 നിർവ്വാഹക സമിതി 6, ബ്ലോക്ക് കമ്മിറ്റി 25 നിർവ്വാഹക സമിതിയിൽ 6, ഡിസിസി കമ്മിറ്റികളിൽ 31 നിർവാഹക സമിതിയിൽ 20, നിയോജക മണ്ഡലം കമ്മിറ്റി 11 പേരേയും നിജപ്പെടുത്താനാണ് തീരുമാനം. നിലവിൽ 'ജംബോ' തുടരുന്ന ഈ കമ്മിറ്റികളിൽ നിന്ന്‌ ഒഴിവാക്കുന്നവരെ എവിടെ ഉൾക്കൊള്ളിക്കും എന്നതിനും ഉത്തരമില്ല. കമ്മിറ്റികളെ ചെറുതാക്കുമ്പോൾ പാർട്ടി തന്നെ 'ചെറുതായി' പോകുമോ എന്ന ആശങ്കയും നേതാക്കൾക്കുണ്ട്.

പാർട്ടിക്ക് വേണ്ടി 'ജയ്‌ഹോ' എന്ന പേരിൽ റേഡിയോ സ്റ്റേഷൻ ആരംഭിക്കുന്നതാണ് ശിബിരത്തിലെ ആകർഷണീയമായ തീരുമാനം. പിണങ്ങിപ്പോയവരെ പാട്ടിലാക്കാനാണ് റേഡിയോ തുടങ്ങിയതെന്ന് ട്രോളൻമാർ വച്ച് കാച്ചുന്നുണ്ട്. എന്നാൽ തീരുമാനങ്ങളിലെ ബലഹീനത കൊണ്ട് ആരും പാട്ടും പാടി പുറത്തേക്ക് പോകരുതേ എന്നാണ് കോൺഗ്രസിനെ ആത്മാർത്ഥമായി സ്‌നേഹിക്കുന്നവരുടെ പ്രാർത്ഥന.

also read:2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി കോണ്‍ഗ്രസ്; കോഴിക്കോട്ടെ ചിന്തന്‍ ശിബിരം സമാപിച്ചു

ABOUT THE AUTHOR

...view details