കോഴിക്കോട്:സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം (Conflict in Youth Congress march). ജനാധിപത്യ സമരത്തിൽ കഴുത്തു ഞെരിക്കുന്ന പോലീസിനെതിരെയും ഡിവൈഎഫ്ഐ ഗുണ്ടാ തേർവാഴ്‌ചക്കെതിരെയും യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷൻ ഓഫീസിലേക്ക് (City Police Commissioner's office) നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.
കോഴിക്കോട് വയനാട് റോഡിൽ നിന്നുമാണ് നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർ അണിനിരന്ന മാർച്ച് ആരംഭിച്ചത്. പ്രവർത്തകരെ ബാരിക്കേഡ് വച്ച് മാനാഞ്ചിറയിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതോടെയാണ് മാർച്ചിൽ സംഘർഷം ഉണ്ടായത്. തുടർന്ന് പ്രതിഷേധിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
പൊലീസ് പ്രയോഗിച്ച കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രവര്‍ത്തകര്‍ തിരിച്ചെറിഞ്ഞു. ഭ്രാന്തിളകിയത് പോലെയാണ് സംസ്ഥാന പൊലീസ് പെരുമാറുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്‍റെ സമരത്തെ ഇനി എന്നും മുഖ്യമന്ത്രിക്ക് അഭിവാദ്യം ചെയ്യേണ്ടി വരുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി. കെഎസ്‍യു പ്രവര്‍ത്തകന്‍റെ കഴുത്ത് ഞെരിച്ച ഡിസിപിയുടെ നടപടിക്കെതിരെയായിരുന്നു പ്രതിഷേധം.
ഡിസിപി കെ ഇ ബൈജു കെഎസ്‌യു പ്രവര്‍ത്തകന്‍റെ കഴുത്തു ഞെരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഡിസിപിക്ക് അടുത്ത സിറ്റിംഗില്‍ നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മീഷന്‍ സമന്‍സ് അയച്ചു. സിറ്റി പോലീസ് കമ്മിഷണർ സംഭവം അന്വേഷിച്ച് 14 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മിഷന്‍ ആക്റ്റിങ് ചെയർപേഴ്‌സൻ കെ. ബൈജു നാഥാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് എരഞ്ഞിപ്പാലത്ത്, നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിനെത്തിയപ്പോഴാണ് കെഎസ്‌യു പ്രവര്‍ത്തകന്‍ ജോയല്‍ അന്‍റണിയുടെ കഴുത്തു പിടിച്ച് ഡിസിപി കെഇ ബൈജു ഞെരിച്ചത്.