കോഴിക്കോട് :നവകേരള സദസില്‍ (Navakerala Sadas) എംഎല്‍എയും മുന്‍ ആരോഗ്യ മന്ത്രിയുമായ കെകെ ശൈലജയുടെ പ്രസംഗത്തില്‍ അതൃപ്തി രേഖപ്പെടുത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് (CM Pinarayi Vijayn Clarifies Remarks Against KK Shailaja). താനും ശൈലജ ടീച്ചറും തമ്മില്‍ എന്തോ വലിയ പ്രശ്നം നടക്കുന്നുണ്ടെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ മട്ടന്നൂര്‍ മണ്ഡലത്തിലെ നവകേരള സദസില്‍ കെകെ ശൈലജ എംഎല്‍എ നടത്തിയ അധ്യക്ഷ പ്രസംഗത്തെ അതേ വേദിയില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു എന്ന വാര്‍ത്തയോടായിരുന്നു പ്രതികരണം.
'ഞാനും ശൈലജ ടീച്ചറും തമ്മിൽ എന്തോ പ്രശ്നം നടക്കുന്നുണ്ടെന്ന് വരുത്താനാണ് ശ്രമം. അത് ശൈലജ ടീച്ചറുടെ അടുത്ത് പോലും ചെലവാകില്ല. ഞാൻ ശൈലജ ടീച്ചർക്കെതിരെ എന്തോ പറഞ്ഞെന്ന് പരത്തുന്നു. അതിൽ ചിലർക്ക് വല്ലാത്ത ബുദ്ധിയാണ്. അത് നല്ലതല്ല, ആ കളി അധികം വേണ്ട. എന്റെ ശീലം വച്ച് സാധാരണ പറയുന്ന രീതിയാണ് മട്ടന്നൂരിലും കണ്ടത്.
മട്ടന്നൂർ എൽഡിഎഫിന്റെ ശക്തികേന്ദ്രമാണ്. എൽഡിഎഫിന് ഏറ്റവും കൂടുതൽ ആളുകളെ അണിനിരത്താവുന്ന സ്ഥലം. അത്രയും ആളുകളെ കണ്ട് ഹരം തോന്നിയിട്ടായിരിക്കും 'എങ്ങനെ ഉണ്ട് പരിപാടി' എന്ന് അവർ ചോദിച്ചത്.
അപ്പോൾ ഞാൻ പറഞ്ഞു, നമ്മൾ ഒരുപാട് വലിയ ജനക്കൂട്ടത്തെ കണ്ട് വരുമ്പോൾ ഏതാണ് വലിയത് എന്ന് പറയാനാകില്ല. ആളുകൾ കൂടാൻ സാധ്യത ഇല്ലാതിരുന്ന മഞ്ചേശ്വരത്ത് പോലും ആളുണ്ടായ സാഹചര്യത്തിൽ ആണ് അങ്ങനെ പറഞ്ഞത്' - പിണറായി വിജയൻ വ്യക്തമാക്കി.