മുഖ്യമന്ത്രി സംസാരിക്കുന്നു കോഴിക്കോട് : മുജാഹിദ് സമ്മേളന വേദിയില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ സിപിഎമ്മിനെ വിമര്‍ശിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വിഭാഗത്തിന് മാത്രമായി സംഘപരിവാറിനെ എതിര്‍ക്കാനാകില്ലെന്നും തീവ്ര ചിന്താഗതി സമുദായങ്ങള്‍ക്ക് ആപത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെറ്റായ ചിന്താഗതിക്ക് മത ന്യൂനപക്ഷത്തിലെ ചെറിയൊരു വിഭാഗം അടിപ്പെട്ടിട്ടുണ്ട്. അവരുടെ ആശയം സ്വയം ശക്തിയാർജിച്ച് നമുക്ക് തന്നെ നേരിട്ടുകളയാമെന്നാണ്. ആ നേരിടൽ ആത്മഹത്യാപരമായിരിക്കും.
മതനിരപേക്ഷതയുടെ ഭാഗമായി മാത്രമേ മത ന്യൂനപക്ഷ സംരക്ഷണമുണ്ടാകൂ എന്ന് തിരിച്ചറിയണം. അല്ലെങ്കിൽ ആപത്തിലേക്ക് ചെന്നുവീഴും. ഓങ്ങി നില്‍ക്കുന്ന മഴുവിന് കീഴില്‍ കഴുത്ത് കാട്ടരുതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
ആർഎസ്‌എസിനെ ചെറുക്കാൻ മതേതര കക്ഷികൾ ഒന്നിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പികെ കുഞ്ഞാലിക്കുട്ടി വേദിയിലിരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. പികെ ബഷീര്‍, പികെ ഫിറോസ് എന്നിവരാണ് സിപിഎമ്മിനെ വിമര്‍ശിച്ച് മുജാഹിദ് സമ്മേളനത്തില്‍ സംസാരിച്ചത്.