കോഴിക്കോട്: സാമൂഹിക നീതിയിലധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ വികസനം ലക്ഷ്യമിട്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്ന കേരള പര്യടനത്തിന്‍റെ ഭാഗമായി കോഴിക്കോട് കാരപ്പറമ്പ് സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തട്ടിലും വികസന സ്പര്‍ശമേല്‍ക്കണം. ഒരു വിഭാഗത്തിനും വികസനം ലഭ്യമാവാതിരിക്കരുത്. ഇതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി - വികസന പ്രവർത്തനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്തെ എല്ലാ തട്ടിലെ ജനങ്ങളെയും സംസ്ഥാന സർക്കാരിന്‍റെ വികസന പദ്ധതികളിൽ ഭാഗമാക്കാൻ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടന പത്രിക തയ്യാറാക്കുന്നതിന് മുന്നോടിയായി എല്ലാ ജില്ലകളിലും യോഗം നടത്തിയിരുന്നു. ഈ അവസരങ്ങളില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് പ്രകടന പത്രിക തയ്യാറാക്കിയത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രകടന പത്രികയിലെ ഓരോ കാര്യങ്ങളും നടപ്പിലാക്കി. ഓരോ വര്‍ഷവും ഇതുസംബന്ധിച്ച് പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ വിലയിരുത്താന്‍ ഇതു സഹായകമായി. പ്രകടന പത്രികയില്‍ പറഞ്ഞ 30 ഇനങ്ങള്‍ മാത്രമാണ് നടപ്പിലാക്കാന്‍ ശേഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ 570 കാര്യങ്ങള്‍ നടപ്പിലാക്കി. നാലുവര്‍ഷം തികയുമ്പോള്‍ പ്രകടന പത്രികയിലെ മുഴുവന്‍ കാര്യങ്ങളും പ്രാവര്‍ത്തികമാക്കാനായിരുന്നു ലക്ഷ്യമിട്ടത്. നിരവധി പ്രതിസന്ധികള്‍ക്കിടയിലും പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും പ്രകടന പത്രികയില്‍ പറഞ്ഞവയ്ക്ക് പുറമേ നാടിന് ആവശ്യമായ നൂറുകണക്കിന് കാര്യങ്ങള്‍ നടപ്പിലാക്കുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗങ്ങളിലെ ജനങ്ങൾക്കും വികസനം എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.