കോഴിക്കോട്: ആന്ധ്രയിൽ നിന്ന് കുടിയേറി പാർത്തവരുടെ പിന്മുറക്കാരാണ് കുംബാര സമുദായക്കാർ (Kumbara community). പാരമ്പര്യമായി മൺപാത്ര നിർമ്മാണമാണ് ഇവരുടെ കുലത്തൊഴിൽ. പാരമ്പര്യ തൊഴിലുകളിൽ നിന്നും മിക്കവരും വിട്ടകന്നപ്പോഴും കുലത്തൊഴിലിനെ ചേർത്തുപിടിച്ചവരാണിവർ. അതാണ് കുംഭാര സമുദായക്കാർക്ക് ഇപ്പോൾ വിനയായത് (Clay Pottery in crisis).
ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ് കുംഭാര സമുദായക്കാരുടെ ഓരോദിനവും മുന്നോട്ടുപോകുന്നത്. നിർമ്മിച്ച മൺപാത്രങ്ങൾ അത്രയും വിൽപ്പന നടത്താൻ പറ്റാത്ത സാഹചര്യം. കഴിഞ്ഞവർഷം കളിമൺ പാത്ര നിർമ്മാണക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക വകുപ്പുവഴി ഓരോ കൃഷിഭവനുകളിലൂടെയും (Krishi bhavan) ചെടിച്ചട്ടികൾ സംഭരിച്ച് വിതരണം ചെയ്‌തിരുന്നു.
മൺപാത്ര നിർമ്മാണമേഖലയിൽ പ്രവർത്തിക്കുന്ന ഇവർക്ക് ഏറെ ആശ്വാസകരമായിരുന്നു ഈ പദ്ധതി. എന്നാൽ പെട്ടെന്ന് ഇത്തരം ഒരു ആശയം ആവിഷ്‌കരിച്ച് നടപ്പിലാക്കിയതോടെ ആവശ്യാനുസരണം ചെടിച്ചട്ടികൾ വിപണിയിൽ എത്തിക്കാൻ മൺപാത്രങ്ങൾ നിമ്മിക്കുന്നവർക്ക് ആയിരുന്നില്ല. ഈ പ്രയാസം മുന്നിൽ കണ്ടാണ് ഇത്തവണമറ്റ് ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും കൂടിയ വിലയ്ക്ക് കളിമണ്ണ് നേരത്തെ തന്നെ എത്തിച്ച് ചട്ടികൾ നിർമ്മിച്ചത്.
എന്നാൽ ഇത്തവണ കാർഷിക വകുപ്പ് (Department of Agriculture) കളിമൺ ചെടിച്ചട്ടികൾ വിതരണം ചെയ്യുന്ന പദ്ധതി നിർത്തിവച്ചു. പകരം പ്ലാസ്റ്റിക്ക് ചട്ടികളാണ് നൽകാൻ ഉദ്യേശിക്കുന്നത്. ഇതാണ് കളിമൺപാത്ര നിർമ്മാണ ജോലി ചെയ്യുന്നവർക്ക് വലിയ തിരിച്ചടിയായത്.