കോഴിക്കോട്:കൊവിഡ് മഹാമാരിയും ലോക്ക്‌ഡൗണും കാരണം മണ്‍പാത്രങ്ങള്‍ വിറ്റഴിക്കാനാകാതെ വ്യാപാരികള്‍. ലോണെടുത്താണ് ഇവരില്‍ പലരും മണ്ണ് വാങ്ങി പാത്രങ്ങള്‍ നിര്‍മിച്ചത്. ഓണം സീസണിലാണ് മികച്ച കച്ചവടം നടക്കുന്നത്. മാര്‍ച്ച് അവസാനത്തോടെയാണ് മണ്‍പാത്രങ്ങള്‍ കയറ്റി അയച്ച് തുടങ്ങുന്നത്. എന്നാല്‍ ഇത്തവണ കൊവിഡ് പശ്ചാത്തലത്തില്‍ മണ്‍പാത്രങ്ങള്‍ മറ്റ് പ്രദേശങ്ങളിലേക്ക് കയറ്റി അയക്കുന്നത് മുടങ്ങി. വീടുകളില്‍ കയറിയിറങ്ങി കച്ചവടം നടത്താനും സാധിക്കുന്നില്ല. മഴക്കാലത്ത് വില്‍പന നടക്കില്ല. ഇതോടെ അടുത്ത സീസണ്‍ വരെ കാത്തിരിക്കേണ്ടി വരും.
കൊവിഡ് പ്രതിസന്ധിയില്‍ വലഞ്ഞ് മണ്‍പാത്ര കച്ചവടക്കാര്‍ - കോഴിക്കോട്
ഓണം സീസണിലാണ് മികച്ച കച്ചവടം നടക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ മണ്‍പാത്രങ്ങള്‍ വിറ്റഴിക്കാനാകാതെ കെട്ടിക്കിടക്കുകയാണ്
ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ ചക്കാലന്‍കുന്ന്, വെള്ളലശ്ശേരി സങ്കേതം ഭാഗത്ത് മണ്‍പാത്രങ്ങള്‍ നിര്‍മിച്ച് ഉപജീവനം തേടുന്ന നിരവധി കുടുംബങ്ങളുണ്ട്. കച്ചവടം നടക്കാതായതോടെ ഈ കുടുംബങ്ങള്‍ കട ബാധ്യതയിലേക്കാണ് നീങ്ങുന്നത്. പണിപ്പുരയില്‍ മണ്‍പാത്രങ്ങള്‍ നിറഞ്ഞ് കിടക്കുകയാണ്. ശേഷിക്കുന്ന പാത്രങ്ങള്‍ പൊളിക്കാത്ത ചൂളയില്‍ തന്നെ വച്ചിരിക്കുകയാണ്. മണ്ണിന്‍റെ ക്ഷാമം കാരണം നേരത്തെ തന്നെ മണ്‍പാത്ര നിര്‍മാണ മേഖല പ്രതിസന്ധിയിലാണ്. ചൂളയ്‌ക്ക് ഉപയോഗിക്കുന്ന വൈക്കോൽപോലും കിട്ടാനില്ല. ഒരു ഇടവേളയ്‌ക്ക് ശേഷം ജനങ്ങൾ വീണ്ടും മണ്‍പാത്രങ്ങളുടെ ഉപയോഗത്തിലേക്ക് കടന്നുവരുന്നതാണ് ഇവർക്കുള്ള ഏക ആശ്വാസം.