കോഴിക്കോട് : ദേശീയ നേതൃത്വം എൻഡിഎക്കൊപ്പം പോയതിന് പിന്നാലെ ജനതാദൾ സെക്യുലർ (JDS) സംസ്ഥാന ഘടകത്തിൽ ഭിന്നത രൂക്ഷം (Division in JDS state unit). ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡക്കെതിരെ (H D Deve Gowda) നടപടി ആലോചിക്കാൻ ജെഡിഎസ് ദേശീയ എക്‌സിക്യൂട്ടീവ് വിളിച്ചു (JDS national executive meeting). ദേശീയ ഉപാധ്യക്ഷന്‍ സി കെ നാണുവിന്‍റെ (CK Nanu) നേതൃത്വത്തിലാണ് യോഗം വിളിച്ചത്. ഈ മാസം 15ന് കോവളത്ത് വച്ച് ദേശീയ എക്‌സിക്യൂട്ടിവ് ചേരുമെന്നാണ് സി കെ നാണു ദേശീയ നേതാക്കളെയും അറിയിച്ചിരിക്കുന്നത്.
കോവളം വെളളാറിൽ വച്ച് നടക്കുന്ന യോഗത്തിലേക്ക് കർണാടക സംസ്ഥാന അധ്യക്ഷനായിരുന്ന സി എം ഇബ്രാഹിം (C. M. Ibrahim) അടക്കമുളള നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. പ്രഖ്യാപിത നയത്തിന് വിരുദ്ധമായി ബിജെപി സഖ്യത്തിൽ ചേർന്ന ദേവഗൗഡയുടേയും കുമാരസ്വാമിയുടെയും നിലപാട് പാർട്ടി ഭരണഘടനയുടെ രണ്ടാം അനുച്ഛേദത്തിന്‍റെ നഗ്നമായ ലംഘനമാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് പോകുന്നതിന് മുൻപ് എല്ലാവരുമായും ചർച്ച നടത്തേണ്ടതുണ്ടെന്നാണ് സി കെ നാണു നേതാക്കൾക്ക് അയച്ച കത്തിൽ പറയുന്നത്.
യോഗത്തെ കുറിച്ച് അറിയില്ലെന്ന് സംസ്ഥാന നേതൃത്വം :അതേസമയം സി.കെ.നാണു വിളിച്ച യോഗത്തെ കുറിച്ച് അറിയില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഒരുമിച്ച് യോഗത്തിൽ പങ്കെടുത്തിട്ടും വിഷയം ചർച്ചയായില്ലെന്ന് മാത്യു ടി തോമസും കെ. കൃഷ്‌ണൻകുട്ടിയും പറഞ്ഞു. വായ കൊണ്ട് പറഞ്ഞതുകൊണ്ട് ബിജെപിക്കെതിരെയുള്ള എതിർപ്പാകുമോ എന്നും നാണുവിൻ്റെ കൂടെ ആളുകളുണ്ടോ എന്നും കൃഷ്‌ണൻകുട്ടി പരിഹസിച്ചു.