കോഴിക്കോട്: ആക്‌ടിവിസ്റ്റ് സിവിക് ചന്ദ്രനെതിരായ ലൈംഗിക അതിക്രമ പരാതിയിൽ സ്വയം വെളിപ്പെടുത്തി അതിജീവിത രംഗത്ത്. സിവിക് ചന്ദ്രന് കോഴിക്കോട് ജില്ല കോടതി അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കിയതോടെയാണ് പരാതിക്കാരി പേര് വെളിപ്പെടുത്തി രംഗത്തെത്തിയത്. തന്നെ അപമാനിക്കുകയും സിവിക് ചന്ദ്രന് വേണ്ടി പക്ഷം പിടിക്കുകയും ചെയ്‌ത സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ടാണ് സമൂഹ മാധ്യമത്തിലെ കുറിപ്പ്.
കുറിപ്പിൻ്റെ പൂർണരൂപം:
പ്രിയരേ,
അസ്വസ്ഥതയുടെ ദിനരാത്രങ്ങൾ പിന്നിട്ട്, നീണ്ട കാത്തിരിപ്പിനൊടുവിൽ കേൾക്കാൻ കാത്തിരുന്ന വാർത്ത എത്തിയിരിക്കുകയാണ്. ഇപ്പോൾ അനുഭവിക്കുന്ന വികാരം എന്തെന്ന് പറഞ്ഞറിയിക്കാൻ എനിക്കറിയാവുന്ന ഭാഷയിലെ വാക്കുകൾക്ക് പ്രാപ്‌തിയില്ല. വളരെക്കാലത്തിന് ശേഷം ആശ്വാസമെന്തെന്ന് അറിയുകയാണ്. ഇത് സാമൂഹിക നീതിയുടെ വിജയം.
ഭരണഘടന ദുർബല വിഭാഗങ്ങൾക്ക് നൽകിയ നിമയത്തിന്‍റെ സംരക്ഷണം. സ്വന്തം മന:സാക്ഷിയെ വഞ്ചിച്ച് ആത്മാഭിമാനം പണയപ്പെടുത്തി സമൂഹത്തിൽ ഉയർച്ചയും അംഗീകാരവും ലഭിക്കണമെന്ന് ആഗ്രഹിക്കാത്ത സ്ത്രീകൾക്ക് തല ഉയർത്തിപ്പിടിച്ചു നിൽക്കാൻ ആത്മധൈര്യം നൽകിയ വിധി. ഇതേ കേസിന് മുൻപുണ്ടായ വിധിയിൽ നഷ്‌ടപ്പെട്ടുപോയ ആത്മവിശ്വാസം ഞാൻ ഇപ്പോൾ വീണ്ടെടുക്കുന്നു.
ഉന്നത ബന്ധങ്ങളോ സ്വാധീനമോ പ്രിവിലേജോ ഇല്ലാത്ത സമൂഹത്തിൽ ജനിച്ച് എഴുത്തിന്‍റെ ലോകത്ത് കൂടുതലായി ഇടപഴകാൻ ആഗ്രഹിച്ച എനിക്ക്, എന്നെപ്പോലെയുള്ളവർക്ക് ഇനിയും ഇത്തരമൊരനുഭവം ഉണ്ടാകരുത്. പൊതുസമൂഹം നൽകുന്ന പ്രിവിലേജുകളില്ലെന്ന മുൻവിധിയോടെ, ധരിച്ച വസ്ത്രം നോക്കി സ്ത്രീയെ അളക്കുന്ന, പുരോഗമന ചിന്താഗതി എന്നാൽ സ്ത്രീകളെ കൺസെന്‍റില്ലാതെ ആക്രമിക്കാമെന്ന മനോഭാവത്തോടെ ഒരു സ്ത്രീയെയും ചൂഷണം ചെയ്യാൻ ഇനി മേലിൽ ഒരു പുരുഷനും മുതിരരുത്. അത്തരക്കാർക്കുള്ള ഒരു പാഠമായിരിക്കട്ടെ ഈ വിധി.
ഇത്ര കാലം ആരെന്ന് പോലുമറിയാതെ എന്നെ കേട്ടതിന് നന്ദി. ഈ സംഭവത്തിന് മേലുണ്ടായ നിരവധി സംവാദങ്ങളിൽ ഒരു വ്യക്തി എന്ന നിലയിൽ സമൂഹത്തിന് മുമ്പിൽ മുഖമോ ശബ്‌ദമോ ഇല്ലാതെ അധിക്ഷേപിക്കപ്പെടുമ്പോൾ ഈ പ്രശ്‌നത്തിന്‍റെ നിജസ്ഥിതി പൊതുസമൂഹത്തിനോട് പങ്കുവെയ്ക്കാൻ എനിക്ക് ഒരു സ്പേസ് തന്ന് സഹായിച്ച മാധ്യമത്തോടും റിപ്പോര്‍ട്ടറോടും ആദ്യം തന്നെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുകയാണ്.
ഇപ്പോൾ എന്‍റെ പേര് വെളിപ്പെടുത്തേണ്ട കാലമായിരിക്കുന്നു. ഇത്ര കാലം ഞാൻ ചുമന്ന അതിനെതിരായുള്ള എന്‍റെ സ്വകാര്യമായ എല്ലാ കാരണങ്ങളെയും ഞാൻ മന:പൂർവ്വം മറന്നുകളയുന്നു. ഇതിന്‍റെ പേരിൽ വരാനുള്ളതിനെയെല്ലാം സ്വീകരിക്കാൻ തയാറായിരിക്കുന്നു. ഈ സംഭവത്തിൽ അനുകൂലമായ ഒരു വിധി വന്നു കഴിഞ്ഞാൽ ഈ മറഞ്ഞിരിക്കൽ അവസാനിപ്പിക്കണമെന്ന് മുമ്പേ തീരുമാനിച്ചതാണ്.
കഴിഞ്ഞ ഏപ്രിൽ 17ന് ഈ സംഭവം നടന്നത് മുതൽ പിന്നീട് പുറത്ത് പറഞ്ഞതിന് ശേഷം ഇതുവരെ സാംസ്‌കാരിക കേരളം ഈ വിഷയത്തിൽ അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങൾ നടത്തി. നിങ്ങൾ ഇത്രയും കാലം തേടിയ, കണ്ടെത്തിയ, പിന്തുണച്ച, വഞ്ചിച്ച , പരിഹസിച്ച, ശാസിച്ച, ഉപദേശിച്ച, കുറ്റപ്പെടുത്തിയ, പ്രതിസന്ധിയിലാക്കിയ ആ ദലിത് സ്ത്രീ മുഖം ഈയുളളവളാണ്. സിവിക് അല്ലാത്ത സിവിക് ചന്ദ്രനെതിരെ ആദ്യമായി പോലീസിൽ പരാതി നൽകിയത് ഞാനാണ്.
75 വയസുള്ള അയാൾ ഇത്രയും കാലം നിരവധി സ്ത്രീകളെയാണ് ഇത്തരത്തിൽ അപമാനിച്ചിട്ടുള്ളത്. എന്നാൽ ഇതുവരെ ആരും അയാൾക്കെതിരെ പരസ്യമായി പ്രതികരിക്കാൻ ധൈര്യപ്പെട്ടില്ല. അത്രയേറെ പൊതുസമ്മതനായിരുന്നു അയാൾ. അതിന്‍റെ കാരണമാണ് പാഠഭേദം മാസികയിലൂടെ അയാൾ നടത്തിയ ഗീർവ്വാണങ്ങൾ.