കോഴിക്കോട്: കേന്ദ്ര സർക്കാർ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ക്യാമ്പസുകളിൽ പ്രതിഷേധങ്ങൾ ശക്തമാവുന്നതിനിടെ അർദ്ധവാർഷിക പരീക്ഷ ബഹിഷ്ക്കരിച്ച് വിദ്യാർഥികളുടെ പ്രതിഷേധം. ചേന്ദമംഗല്ലൂർ ഹയർ സെക്കന്‍ററി സ്കൂൾ +1, +2 വിദ്യാർഥികളാണ് ഇന്നലെ നടന്ന പരീക്ഷ ബഹിഷ്ക്കരിച്ച് തെരുവിലിറങ്ങിയത്. +1 വിദ്യാർഥികൾക്ക് കെമിസ്ട്രിയും +2 വിദ്യാർഥികൾക്ക് ഗണിതവുമായിരുന്നു ഇന്നലെ പരീക്ഷ. 90 ശതമാനം വിദ്യർത്ഥികളും പരീക്ഷ ബഹിഷ്ക്കരിച്ചതായി വിദ്യാർഥികൾ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം; പരീക്ഷ ബഹിഷ്ക്കരിച്ച് വിദ്യാർഥി റാലി - ദേശീയ പൗരത്വ ഭേദഗതി നിയമം; പരീക്ഷ ബഹിഷ്ക്കരിച്ച് വിദ്യാർത്ഥികളുടെ പ്രതിഷേധറാലി
ചേന്ദമംഗല്ലൂർ ഹയർ സെക്കന്‍ററി സ്കൂൾ +1, +2 വിദ്യാർഥികളാണ് ഇന്നലെ നടന്ന പരീക്ഷ ബഹിഷ്ക്കരിച്ച് തെരുവിലിറങ്ങിയത്.
സ്കൂളിൽ നിന്നാരംഭിച്ച പ്രകടനം ചേന്ദമംഗല്ലൂർ അങ്ങാടി ചുറ്റി സ്കൂളിൽ തന്നെ സമാപിച്ചു. കേന്ദ്ര സർക്കാർ നടപ്പാക്കിയ നിയമത്തിനെതിരെ രാജ്യത്തെ ക്യാമ്പസുകളിൽ പ്രതിഷേധം ശക്തമാവുമ്പോൾ പരീക്ഷയുടെ പേര് പറഞ്ഞ് തങ്ങൾക്ക് മാറി നിൽക്കാനാവില്ലന്നാണ് വിദ്യാർഥികളുടെ നിലപാട്. ഡൽഹി ജാമിയ കോളജിലടക്കം നടന്ന പൊലീസ് നടപടി അംഗീകരിക്കാനാവില്ലന്നും വിദ്യാർഥികൾ പറയുന്നു. പ്രതിഷേധ പ്രകടനത്തിന് മുഹമ്മദ് റമീസ്, മനാഫ് മുസ്തഫ, അസദുൽ ഇസ്ലാം, റബീഹ് റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി. അതേ സമയം പരീക്ഷ ബഹിഷ്ക്കരിച്ചല്ല വിദ്യാർത്ഥികൾ പ്രകടനം നടത്തിയതെന്ന് സ്കൂൾ അധികൃതരും വ്യക്തമാക്കി. 70 ശതമാനം വിദ്യാർഥികൾ ഹാജരുണ്ടായിരുന്നു എന്നും മറ്റു വിദ്യാർഥികൾ എത്താതിരുന്നത് ഹർത്താലായതിനാലാണന്നും സ്കൂൾ അധികൃതർ പറഞ്ഞു.