കോഴിക്കോട്: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) സംഘടിപ്പിച്ച ദ്വിദിന ചിന്തൻ ശിബിരം സമാപിച്ചു. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിനാണ് രാജസ്ഥാനിലെ ഉദയ്‌പൂരിൽ നടന്ന ദേശീയതല സമ്മേളനത്തിന് സമാനമായ രീതിയില്‍ ചിന്തന്‍ ശിബിരം സംഘടിപ്പിച്ചത്. സംഘപരിവാറിന്‍റെ ഹിന്ദുത്വ രാഷ്ട്രം എന്ന അജണ്ട രാജ്യത്തിന്‍റെ ജനാധിപത്യ തത്വങ്ങൾക്ക് എതിരാണെന്നും, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വേട്ടയാടുന്നതിലൂടെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെ (ഇ.ഡി) രാഷ്ട്രീയ പകപോക്കലിന്‍റെ ഉപകരണമായി ഉപയോഗിക്കുകയാണെന്നും സമാപന സമ്മേളനത്തില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.
പ്രതികരിക്കുന്നവരെ എതിർക്കുക വഴി സംഘപരിവാറിന്‍റെ നയങ്ങൾക്ക് സമാനമായാണ് സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ് സര്‍ക്കാരും പ്രവര്‍ത്തിക്കുന്നതെന്ന് കെ സുധാകരൻ കുറ്റപ്പെടുത്തി. സ്വതന്ത്ര ചിന്തയും വ്യക്തിസ്വാതന്ത്ര്യവും സംസ്ഥാനത്തും രാജ്യത്തും ഭീഷണിയിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിടുന്ന തരത്തിലുള്ള ആരോപണങ്ങൾ രാജ്യത്തെ ഒരു മുഖ്യമന്ത്രിക്കെതിരെയും ഉണ്ടായിട്ടില്ലെന്നും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്‍റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ അദ്ദേഹം ഇപ്പോൾ രാജിവക്കേണ്ടി വരുമായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രി നേരിടുന്ന ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് അടിച്ചുതകർത്തതെന്നും അതിന് ശേഷം എകെജി സെന്‍ററിന് നേരെ ആക്രമണം നടത്തിയതെന്നും സുധാകരന്‍ ആരോപിച്ചു. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് പാർട്ടിക്കുള്ളിൽ പുനഃസംഘടന ഉണ്ടാകും. പുനഃസംഘടനയുടെ ഭാഗമായി ജില്ല മുതൽ ബൂത്ത് തലം വരെയുള്ള നേതൃത്വങ്ങളിൽ സ്ത്രീകൾക്കും ദളിതർക്കും പ്രാതിനിധ്യം നൽകും.