കോഴിക്കോട്:സ്വന്തമായിരുന്നതെല്ലാം ഒറ്റ ദിവസം കൊണ്ട് നഷ്ടപ്പെട്ടതിന്‍റെ നടുക്കത്തിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് കവളപ്പാറയിലെ ഭൂദാനം എഎൽപി സ്കൂൾ. കഴിഞ്ഞ ഓഗസ്റ്റ് എട്ടിനുണ്ടായ ഉരുൾപ്പൊട്ടലിൽ ഭൂദാനം എഎൽപി സ്കൂളിലെ അഞ്ച് വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടമായത്. ദുരന്തം വിതച്ച ഓർമ്മകൾ മായ്ക്കാനായി വിദ്യാർഥികൾ ഒരു ദിവസം കോഴിക്കോട്ടെ വിവിധ സ്ഥലങ്ങളിൽ പഠനയാത്ര നടത്തി.
ദുരന്ത ദിനങ്ങള്‍ മറക്കാനൊരു ഉല്ലാസയാത്ര - കവളപ്പാറ
2019 ഓഗസ്റ്റ് എട്ടാം തിയതി മലപ്പുറം നിലമ്പൂരിലെ കവളപ്പാറ നിവാസികൾ മറക്കാൻ ആഗ്രഹിക്കുന്ന ദുരന്ത ദിനങ്ങളാണ്. ദുരന്തം വിതച്ച ഓർമ്മകൾ മായ്ക്കാനാണ് വിദ്യാർഥികൾ ഒരു ദിവസം കോഴിക്കോട്ടെ വിവിധ സ്ഥലങ്ങളിൽ പഠനയാത്ര നടത്തിയത്
കുട്ടികളുടെ മനസിലെ ഭീതി അകറ്റാനാണ് അധ്യാപകരുടെയും പിടിഎ യുടെയും പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെയും നേതൃത്വത്തിൽ വിദ്യാർഥികൾക്കായി പഠന-ഉല്ലാസ യാത്ര നടത്തിയത്. തങ്ങളിതുവരെ കണ്ടിട്ടില്ലാത്ത കാഴ്ച്ചകൾ കാണാൻ സാധിച്ചതിൽ വിദ്യാർഥികളും ഏറെ സന്തോഷിച്ചു. ബേപ്പൂർ ഹാർബർ, മേഖല ശാസ്ത്ര കേന്ദ്രം, കോഴിക്കോട് ബീച്ച് എന്നിവ സന്ദർശിച്ച വിദ്യാർഥികൾ പുതിയ അനുഭവവുമായാണ് മടങ്ങിയത്.
59 ജീവനുകൾ കവർന്നെടുത്ത 2019 ലെ ഓഗസ്റ്റ് എട്ടാം തിയതി മലപ്പുറം നിലമ്പൂരിലെ കവളപ്പാറ നിവാസികൾ മറക്കാൻ ആഗ്രഹിക്കുന്ന ദുരന്ത ദിനങ്ങളാണ്. പ്രകൃതി കലി തുള്ളി കവളപ്പാറയെ ഒന്നാക്കെ വിഴുങ്ങിയ ദിനം. ദുരന്തം നാശം വിതച്ചുപോയിട്ട് മൂന്ന് മാസം പിന്നിട്ടെങ്കിലും പ്രദേശവാസികൾക്ക് ഇന്നും നടുക്കം വിട്ടുമാറിയിട്ടില്ല. കവളപ്പാറക്ക് തൊട്ടടുത്തുള്ള ഭൂദാനം സ്കൂളിനും ദുരന്ത ദിനത്തിന്‍റെ ഓർമ്മകളിൽ നിന്ന് മുക്തമാകാൻ സാധിച്ചിട്ടില്ല. സ്കൂളിലെ അഞ്ച് വിദ്യാർഥികളെയാണ് പ്രകൃതി ദുരന്തം അന്ന് കവർന്നെടുത്തത്. അച്ഛനും അമ്മയും സഹോദരങ്ങളും നഷ്ടപ്പെട്ടവരും ഏറെയാണ്. പുത്തൻ കാഴ്ച്ചകൾ കുരുന്നുമനസിൽ ദുരന്ത ഭീതിയകറ്റി പുതിയ ചിന്തകൾക്ക് വഴി തെളിയിക്കുമെന്നുറപ്പാണ്.