കോഴിക്കോട്: നിയമസഭ സ്‌പീക്കർ ശ്രീരാമകൃഷ്‌ണനെതിരെ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദേശ യാത്രകൾ സംബന്ധിച്ച് സ്‌പീക്കറുടെ മറുപടി ദുർബലമാണെന്നും സ്‌പീക്കറുടെ ധൂർത്തിലും അഴിമതിയിലും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്‌പീക്കർ പദവിയിൽ ഇരുന്നുകൊണ്ട് പി. ശ്രീരാമകൃഷ്‌ണൻ നടത്തിയത് വലിയ അഴിമതിയും ധൂർത്തുമാണ്. പ്രവാസികളുടെ ക്ഷേമത്തിനായി രൂപീകരിച്ച ലോക കേരള സഭയിൽ നടന്നതും വൻ അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു.
സ്‌പീക്കറുടെ ധൂര്‍ത്തിലും അഴിമതിയിലും അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്
സ്‌പീക്കർ പദവിയിൽ ഇരുന്നുകൊണ്ട് പി. ശ്രീരാമകൃഷ്‌ണൻ നടത്തിയത് വലിയ ധൂർത്തെന്നും പ്രവാസികളുടെ ക്ഷേമത്തിനായി രൂപീകരിച്ച ലോക കേരള സഭയിൽ നടന്നത് വൻ അഴിമതിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു
യാതൊരു ടെൻഡർ നടപടികളും ഇല്ലാതെ ഊരാളുങ്കൽ ലേബർ സൊസൈറ്റി ലോക കേരളസഭയുടെ നിർമാണത്തിനായി വന്‍തുക ചെലവഴിച്ചതായും ക്രമക്കേട് നടന്നതായും അദ്ദേഹം പറഞ്ഞു. ചരിത്രത്തിൽ ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത രീതിയിൽ അഴിമതി നടത്തിയ സ്‌പീക്കർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകും. നിയമസഭാഹാൾ പുതുക്കി പണിയുന്നതിന് യുഎൽസിസിക്ക് മൊബൈൽസേഷന് അഡ്വാൻസ് കൊടുത്തു. ഇതേ പരാതി തന്നെയാണ് പാലാരിവട്ടം പാലം സംബന്ധിച്ച് ഇബ്രാഹിം കുഞ്ഞിനെതിരെ ഉള്ളത്. സഭ ടിവിയിലും അഴിമതി നടത്തി. 51.32 കോടി ചെലവഴിച്ചാണ് ടിവി വാങ്ങിയത്.
നിയമസഭ ഫെസ്റ്റിവൽ ആഘോഷം നടത്തി കൊവിഡ് കാരണം മൂന്ന് പരിപാടി ഉപേക്ഷിച്ചു. ഇതിനിടയിൽ രണ്ട് കോടി ചെലവാക്കിയതിലും സംശയം നിഴലിക്കുന്നു. വെള്ളം ഒഴുക്കിയത് പോലെയാണ് പണം ചെലവാക്കിയത്. 1,100 ജീവനക്കാർ നിലവിലുണ്ട് എന്നിട്ടും ആഘോഷത്തിന്‍റെ പേരിൽ അഞ്ച് പേരെ നിയമിച്ചു. ഫെസ്റ്റിവൽ കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞു. അധികമായി നിയമിച്ച ജീവനക്കാര്‍ ഇപ്പോഴും ശമ്പളം പറ്റുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.