കോഴിക്കോട് :സ്വന്തം അധ്യാപികയ്ക്ക് ഒരു പ്രശ്‌നം വന്നാൽ വിദ്യാർത്ഥികൾ എന്ത് ചെയ്യും? കൈയും കെട്ടി നോക്കി നിൽക്കുമോ, അതോ ഇടപെടുമോ? എത്ര പേർ ഇടപെടും..? തലകറങ്ങി വീണ അധ്യാപികയെ ഡോക്‌ടര്‍ പരിശോധിച്ചില്ലെന്ന ആരോപണവുമായി നൂറിലേറെ വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം ഒരു ആശുപത്രി ഉപരോധിച്ചത്. ചെങ്ങോട്ടുകാവ്, എടക്കുളത്തെ സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണ് വിദ്യാർത്ഥികൾ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ചേലിയ ഇലാഹിയ കോളജിലെ ആൺകുട്ടികളും പെൺകുട്ടികളും മാർച്ചില്‍ അണിനിരന്നു (Cheliya Ilahiya College Students Protest Against Edakulam Family Health Centre).
ഇന്നലെ (ബുധനാഴ്‌ച) ഉച്ചയ്ക്ക് കോളജില്‍ തലകറങ്ങി വീണ കൊമേഴ്‌സ് വിഭാഗം എച്ച്ഒഡിയായ അധ്യാപികയെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോള്‍ ഡോക്‌ടര്‍ പരിശോധിച്ചില്ലെന്നാണ് ആരോപണം. തന്‍റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ പരിശോധിക്കാൻ കഴിയില്ലെന്ന് ഡോക്‌ടര്‍ പറഞ്ഞതായി കുട്ടികള്‍ കുറ്റപ്പെടുത്തുന്നു. കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചാണ് അധ്യാപികയ്ക്ക് മതിയായ ചികിത്സ നല്‍കിയത്.