കോഴിക്കോട് : ചാത്തമംഗലം കളംതോട് എംഇഎസ് കോളജിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥിയെ റാഗ് ചെയ്‌ത് (Chathamangalam MES College Ragging) ഗുരുതരമായി പരിക്കേൽപ്പിച്ച ആറ് വിദ്യാർഥികളെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്‌തു. വലത് കണ്ണിന് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കുന്ദമംഗലം പന്തീർപാടം പാണൽകണ്ടത്തിൽ റിഷാന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇതേ കോളജിലെ ആറ് സീനിയർ വിദ്യാർഥികളെ ചൊവ്വാഴ്‌ച (14.11.2023) കസ്റ്റഡിയിലെടുത്തത്. നൗഷിൽ റഹ്മാൻ, മുഹമ്മദ് സിനാൻ, മുഹമ്മദ് അജ്‌നാസ്, മുഹമ്മദ് അനസ്, മുഹമ്മദ് ജാസിം, മുഹമ്മദ് ഷഫീർ എന്നിവർക്കെതിരെ ഐപിസി 308 അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
ആറ് പേരെയും കുന്ദമംഗലം പൊലീസ് വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. തിങ്കളാഴ്‌ച രാവിലെ 11 മണിയോടെയാണ് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്‌തതുമായി ബന്ധപ്പെട്ട് റിഷാനെ സീനിയർ വിദ്യാർഥികൾ ചേർന്ന് മർദിക്കുകയും കണ്ണിന് പരിക്കേൽപ്പിക്കുകയും ചെയ്‌തത്. പരിക്കേറ്റ റിഷാനെ ആദ്യം കോളേജ് അധികൃതർ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.
21 ഓളം വിദ്യാർഥികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മറ്റുള്ളവർക്കായുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. കുന്ദമംഗലം എസ് ഐ അഷ്‌റഫിന്‍റെ നേതൃത്വത്തിലാണ് വിദ്യാർഥികളെ അറസ്‌റ്റ് ചെയ്‌തത്. മാസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.