കോഴിക്കോട് :ചാലിയാര്‍ പുഴയില്‍, പതിറ്റാണ്ടുകളായി എളമരം കടവിന്‍റെ രണ്ട് കരകളെ ബന്ധിപ്പിച്ചിരുന്ന കടത്തും ഓർമയാവുകയാണ്. മലപ്പുറം - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് എളമരം കടവിൽ പാലം തുറക്കുന്നതോടെയാണ് കടത്ത് സർവീസ് അവസാനിക്കുന്നത്. മാവൂർ ഗ്രാസിം ഫാക്‌ടറി പ്രവർത്തിക്കുന്ന കാലത്ത് ചാലിയാറിന്‍റെ മിക്ക കടവുകളിലും നിറയെ ആളുകളുമായി കടത്തുതോണികൾ കരതേടുന്നത് മനോഹര കാഴ്‌ചയായിരുന്നു.
കരകളെ തൊട്ട് പാലം വന്നു ; ചാലിയാറില്‍ ബോട്ട് സർവീസുകൾ ഓർമയുടെ തീരത്തടിയുന്നു - chaliyar kadavu kozhikode
പതിറ്റാണ്ടുകളുടെ കടത്ത് ചരിത്രമുള്ള എളമരം കടവില്‍, മെയ് 23 നാണ് പാലം തുറക്കുന്നത്

പിന്നീട് തോണികൾക്ക് പകരം എഞ്ചിന്‍ ഘടിപ്പിച്ച ബോട്ട് വന്നു. ഗ്രാസിം ഫാക്‌ടറി അടച്ചതോടെ മണന്തലക്കടവിൽ ബോട്ട് സർവീസ് നിലച്ചു. എന്നാൽ, എളമരം കടവിൽ പിന്നെയും ബോട്ട് സർവീസുണ്ടായി. തുടക്കത്തിൽ ചാലിയത്തെയും ബേപ്പൂരിലെയും ചെറിയ മത്സ്യബന്ധനബോട്ടുകൾ കൊണ്ടുവന്നായിരുന്നു സർവീസ്. ഇപ്പോൾ സർവീസ് നടത്തുന്നത് ഇരട്ട എഞ്ചിന്‍ ഘടിപ്പിച്ച ബോട്ടാണ്.
ഇതിൽ, ഒരേസമയം 15 ഇരുചക്രവാഹനം വരെ കടത്താനാകും. 35 യാത്രക്കാരെയും ഉൾക്കൊള്ളിക്കാം. ഒരാള്‍ക്ക് അഞ്ച് രൂപ എന്ന നിലയ്ക്കാണ് ടിക്കറ്റ്. ഇരുചക്രവാഹനത്തിന് 15 രൂപ. മഴക്കാലത്ത് ചാലിയാർ നിറഞ്ഞുകവിയുമ്പോൾ ആധിയും ആശങ്കയുമായിരുന്നു ബോട്ട് യാത്ര. മെയ് 23 ന് പാലം തുറക്കുന്നതോടെ ഇനി ഏത് മഴക്കാലത്തും പേടിയില്ലാതെ പുഴ കടക്കാം. കടത്ത് നിലയ്‌ക്കുന്നത് പ്രതിസന്ധി സൃഷ്‌ടിക്കുമെങ്കിലും നാടിന്‍റെ വികസനത്തിനൊപ്പം നില്‍ക്കാനാണ് ബോട്ട് ജീവനക്കാര്‍ക്ക് ഇഷ്‌ടം.