കോഴിക്കോട്: നിപ ബാധിത പ്രദേശങ്ങൾ കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും. വവ്വാലുകളുടെ സാമ്പിൾ ശേഖരണത്തിനും തുടക്കമിടും. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ (RGCB) മൊബൈൽ സംഘവും ഇന്ന് കോഴിക്കോടെത്തും (The Central Team Will Arrive Today).
അതിനിടെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. ഏറ്റവുമൊടുവിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകൻ്റെ സമ്പർക്ക പട്ടികയിലുള്ളവരെയാണ് പുതുതായി ചേർത്തത്. 287 പേർ ആരോഗ്യ പ്രവർത്തകരും ഇതിൽ 213 പേർ ഹൈ റിസ്‌ക് പട്ടികയിലുമാണ് ഉൾപ്പെട്ടത്. 21 ദിവസം ഇവർ ഐസോലേഷനിൽ കഴിയണം. ബുധനാഴ്‌ച പരിശോധിച്ച് ഇന്നലെ പുറത്തുവന്ന 11 സാമ്പിളുകളുടെ ഫലം നെഗറ്റീവായിരുന്നു.
30 എണ്ണത്തിൻ്റെ ഫലം ഇനി വരാനുണ്ട്. 34 പേരാണ് മെഡിക്കൽ കോളജ് ഐസലേഷൻ വാർഡിൽ കഴിയുന്നത്. ഇതിൽ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് എത്തിയ 5 പേർ ഐസിയുവിലാണ്. രണ്ട് സ്വകാര്യ ആശുപത്രികളിലായി 8 പേരും ചികിത്സയിലുണ്ട്.
രോഗം സ്ഥിരീകരിച്ച 3 പേരിൽ വെൻ്റിലേറ്ററിൽ കഴിയുന്ന 9 വയസുകാരൻ്റെ നില മാറ്റമില്ലാതെ തുടരുകയാണ്. ചികിത്സക്കായി ഓസ്ട്രേലിയയിൽ നിന്നുള്ള മോണോക്ലോണൽ ആൻ്റിബോഡി എത്തിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും.
രാവിലെ പത്തിന് നടക്കുന്ന യോഗത്തിൽ മന്ത്രിമാരായ വീണാ ജോർജ്, പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, എ.കെ ശശീന്ദ്രൻ എന്നിവർ സ്ഥിതിഗതികള്‍ വിലയിരുത്തും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ എന്നിവരും പങ്കെടുക്കും. 11 മണിക്ക് പ്രശ്‌ന ബാധിത പഞ്ചായത്തുകളിലെ പ്രതിനിധികളുമായി മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ അവലോകനയോഗവും ചേരും.