ട്രെയിനില്‍ തീവയ്പ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം കോഴിക്കോട് : ആലപ്പുഴ കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിനിൽ സഹയാത്രികരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്. സംഭവത്തിന്‍റെ ദൃക്‌സാക്ഷികളില്‍ നിന്ന് ശേഖരിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം പുറത്തുവിട്ടത്. ഇയാള്‍ക്കായി വ്യാപക തെരച്ചിലിലാണ് പൊലീസ് സംഘങ്ങള്‍.
സംഭവത്തില്‍ ഫോറൻസിക് പരിശോധനകളടക്കം പൂർത്തിയായെന്നും പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അനില്‍ കാന്ത് അറിയിച്ചു. എത്രയും വേഗം പ്രതിയെ പിടികൂടുമെന്നും ഡിജിപി പറഞ്ഞു. സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. പിഞ്ച് കുഞ്ഞ് അടക്കം മൂന്ന് പേരുടെ ജീവനാണ് ആലപ്പുഴ - കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിൽ ഉണ്ടായ ആക്രമണത്തിൽ പൊലിഞ്ഞത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി അക്രമിയെ പിടികൂടാന്‍ പൊലീസിന് നിർദേശം നൽകിയതായും പ്രത്യേക അന്വേഷകസംഘം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം സംഭവത്തില്‍ റെയിൽവേ പോലീസ് കേസെടുത്തു. വധശ്രമം, സ്ഫോടക വസ്തു നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ, തീവയ്‌പ്പ് തുടങ്ങി അഞ്ച് വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തിന് ഭീകരവാദ ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സ്ഥലത്തെത്തി സംഭവം അന്വേഷിച്ചുവരികയാണ്. അക്രമി ഉത്തരേന്ത്യന്‍ സ്വദേശിയാണെന്ന സംശയം പൊലീസിനുണ്ട്. മുന്‍പ് രാജ്യത്തുനടന്ന സമാനമായ സംഭവങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ വിശദമായി പരിശോധിക്കുന്നുണ്ട്.
ട്രെയിനില്‍ തീവയ്പ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം ഞായറാഴ്‌ച രാത്രിയാണ് അജ്ഞാതന്‍ കോഴിക്കോട് ഓടുന്ന ട്രെയിനിൽ സഹയാത്രികരുടെ മേൽ പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയത്. എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയിൽ വച്ചാണ് സംഭവം. ഡി-1 കമ്പാര്‍ട്ട്മെന്‍റിലെത്തിയ അക്രമി യാതൊരു പ്രകോപനവും ഇല്ലാതെ പൊടുന്നനെ സഹയാത്രികരുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി ട്രെയിനില്‍ നിന്ന് എടുത്തുചാടിയ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
മട്ടന്നൂർ സ്വദേശി റഹ്‌മത്ത് (43), ഇവരുടെ അനുജത്തിയുടെ മകൾ സഹറ (രണ്ട്), നൗഫീഖ് (41) എന്നിവര്‍ക്കാണ് ദാരുണാന്ത്യം ഉണ്ടായത്. ഇവരെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.സംഭവത്തിൽ 9 പേർ പരിക്കേറ്റ് ചികിത്സയിലാണ്.കതിരൂർ സ്വദേശി അനിൽ കുമാർ (50), ഇയാളുടെ ഭാര്യ സജിഷ (47), മകൻ അദ്വൈത് (21), തൃശൂർ സ്വദേശി അശ്വതി (29), തളിപ്പറമ്പ് സ്വദേശി റൂബി (52), മട്ടന്നൂർ സ്വദേശി റാസിക് (27), തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ് (50), തൃശൂർ സ്വദേശി പ്രിൻസ് (39), കണ്ണൂർ സ്വദേശി പ്രകാശൻ (52) എന്നിവർക്കാണ് പൊള്ളലേറ്റത്. അഞ്ച് പേർ മെഡിക്കൽ കോളജിലും മൂന്ന് പേർ ബേബി മെമ്മോറിയലിലും ഒരാൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്.
യാത്രക്കാരിൽ ഒരാൾ അപായച്ചങ്ങല വലിച്ചതോടെ ട്രെയിൻ കോരപ്പുഴ പാലത്തിന് മുകളിൽ നിർത്തി. തുടർന്ന് അക്രമി ട്രെയിനിൽ നിന്ന് ഓടി രക്ഷപ്പെട്ടു. അതിനിടെ അക്രമിയുടേതെന്ന് കരുതുന്ന ബാഗ് ട്രാക്കിൽ നിന്നും പൊലീസ് കണ്ടെത്തി.ഇതില്‍ നിന്ന് കാൽഭാഗം പെട്രോൾ അടങ്ങിയ കുപ്പി, പോക്കറ്റ് ഡയറി, മൊബൈൽഫോൺ, ഇയർഫോൺ തുടങ്ങിയവ പൊലീസ് കണ്ടെത്തി. ഈ തെളിവുകൾ അന്വേഷണത്തിൽ നിർണായകമായേക്കും.