കോഴിക്കോട്: ശമ്പള കുടിശ്ശിക അടക്കമുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് ബിഎസ്എൻഎൽ കരാർ തൊഴിലാളികള്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. മാനാഞ്ചിറയ്ക്ക് ചുറ്റും വൈകീട്ടോടെയാണ് മനുഷ്യച്ചങ്ങല തീർത്തത്. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും എം പിയുമായ എളമരം കരീം ഉദ്ഘാടനം ചെയ്തു. പൊതുമേഖലയെ തകർക്കുന്ന കേന്ദ്രനയം തിരുത്തുക, കരാർ തൊഴിലാളികളുടെ എട്ടുമാസത്തെ ശമ്പളകുടിശ്ശിക കൊടുത്തു തീർക്കുക, അന്യായമായ പിരിച്ചുവിടൽ അവസാനിപ്പിക്കുക, ജോലിയും കൂലിയും സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് 97 ദിവസമായി സമരം നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് തൊഴിലാളികള്‍ മനുഷ്യച്ചങ്ങല തീര്‍ത്തത്.
കൂലിയില്ലാ ജോലി: ബിഎസ്എൻഎൽ കരാർ തൊഴിലാളികള്‍ മനുഷ്യച്ചങ്ങല തീര്‍ത്തു 4-ജിയിലേക്ക് മാറാൻ സാധിക്കാത്തതാണ് കമ്പനിക്ക് വിലങ്ങുതടിയാകുന്നതെന്ന് എളമരം കരീം എംപി പറഞ്ഞു. സേവനം മോശമായതോടെ സാമ്പത്തികമായി തകര്‍ന്നു. യുപിഎ എന്‍ഡിഎ സര്‍ക്കാറുകള്‍ ബിഎസ്എന്‍എല്‍ വികസനത്തിനായി ഒന്നും ചെയ്തില്ല. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താല്‍ക്കാലിക ജോലിക്കാര്‍ക്ക് എട്ടു മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അസിസ്റ്റന്‍റ ജനറൽ സെക്രട്ടറി എം വിജയകുമാർ പറഞ്ഞു. ഇക്കാര്യം കാണിച്ച് സെൻട്രൽ ലേബർ കമ്മീഷന് പരാതി നൽകിയിരുന്നു. എന്നാല്‍ കേന്ദ്ര ഗവൺമെന്‍റ് നല്‍കേണ്ട ശമ്പളം പിടിച്ചു വാങ്ങാൻ സാധിക്കില്ലെന്നും നിയമപരമായി കത്തയക്കാം എന്നുമായിരുന്നു കമ്മീഷന്‍റെ മറുപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂൺ 24 മുതൽ സെൻട്രൽ ലേബർ കമ്മീഷൻ ഓഫീസിലും ജില്ലാ കേന്ദ്രത്തിലും സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് ബിഎസ്എൻഎൽ ക്യഷൽ കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ സംസ്ഥാന ഓർഗനൈസേഷൻ സെക്രട്ടറി കെ എം പ്രദീപ് കുമാർ പറഞ്ഞു. അനിശ്ചിതകാല സമരം ശനിയാഴ്ച്ചയോടെ 97 ദിവസം പിന്നിട്ടു. എന്നാല്‍ ചര്‍ച്ചയ്ക്ക് പോലും കമ്പനി തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി തകര്‍ച്ചയിലാണെന്ന കാരണം പറഞ്ഞ് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന തുച്ഛമായ ശമ്പളം നല്‍കാതിരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.